ആക്രമണം ഫലിച്ചില്ല; സൗദിയെ വീഴ്ത്തി പോളണ്ട്; ഗ്രൂപ്പ് സിയിൽ മുന്നിൽ

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് സൗദി അറേബ്യയെ പോളണ്ട് പരാജയപ്പെടുത്തി. 39-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ പിയോറ്റര്‍ സിയെലെന്‍സ്‌കിയും 82-ാം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് പോളണ്ടിനായി ഗോൾ നേടിയത്. രണ്ടാമത്തെ ഗോൾ നേടുകയും ആദ്യ ഗോളിനായി പാസ് നൽകുകയും ചെയ്ത ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് കളിയിലെ ഹീറോയും.

അർജന്റീനയുമായുള്ള അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആക്രമണ ശൈലി പിന്തുടർന്ന സൗദിക്ക് ആദ്യപകുതി പോളണ്ടിനെ വിറപ്പിക്കാൻ തന്നെയായി. എന്നാൽ ഭാഗ്യം സൗദിയെ തുണച്ചില്ല. 44–ാം മിനിറ്റിൽ വീണ് കിട്ടിയ പെനാൽറ്റി ഭാഗ്യം ഗോളാക്കാനും സൗദിക്കായില്ല. സാലി അൽ ഷെഹ്രിയാണ് പെനാൽറ്റി പാഴാക്കിയത്. 12-ാം മിനിറ്റിലും ഗോളെന്നുറപ്പിച്ച സൗദിയുടെ കാന്നോയുടെ ലോംഗ് ഷോട്ടിൽ അൽ ബുറൈഖിന്റെ കിക്ക് പോളണ്ട് ഗോളി സെസ്‌നി തടുത്തു.

രണ്ടാം പകുതിയിലും ആക്രമിച്ച് തുടങ്ങിയ സൗദിക്ക് 55 -ാം മിനിറ്റിലും 59-ാം മിനിറ്റിലും കിട്ടിയ അവസരം ഗോളാക്കാൻ ആയില്ല. 78-ാം മിനിറ്റിൽ അൽ മാലിക്കിയുടെയും ഇഞ്ചുറി ടൈമിൽ കാനോയുടെയും കിക്കുകൾ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നു പോയി.

രണ്ടാം പകുതിയിൽ പോളണ്ടും ആക്രമണശൈലി സ്വീകരിച്ചതോടെ സൗദിയുടെ പ്രതിരോധ നിര ദുർബലമായി. സൗദി പ്രതിരോധത്തിലെ വിള്ളലുകൾ മുതലെടുത്ത പോളണ്ടിന് 2-0 മികച്ച വിജയം സ്വന്തമാക്കാനായി. ഇതോടെ ഗ്രൂപ്പ് സിയിലും പോളണ്ട് മുന്നിലെത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/JNIgigKNVZcDNAqC2C4b4m

Exit mobile version