ഖത്തറിൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. സെക്യൂരിറ്റി സിസ്റ്റം ഡിപ്പാർട്ട്‌മെന്റിന്റെ (എസ്എസ്ഡി) അനുമതിയില്ലാതെ സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കാൻ പാടുള്ളതല്ല. സെക്യൂരിറ്റി ക്യാമറകൾ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്ന സ്പെസിഫിക്കേഷനുകൾക്കനുസൃതമായിരിക്കണം.
സുരക്ഷയിൽ സെക്യൂരിറ്റി ക്യാമറകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ എസ്എസ്ഡി ടെക്നിക്കൽ ഓഫീസിലെ ഓഫീസർ ക്യാപ്റ്റൻ ജാസിം സാലിഹ് അൽ സുലൈത്തിയാണ് നിർദ്ദേശങ്ങൾ അറിയിച്ചത്.
ജീവനക്കാരുടെയോ വീട്ടുജോലിക്കാരുടെയോ മുറികൾക്കുള്ളിലോ അവരുടെ സ്വകാര്യതയിലേക്കോ കടന്നുകയറുന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കരുത്.
എസ്എസ്ഡിയിൽ നിന്ന് രേഖാസഹിതമുള്ള അനുമതിയില്ലാതെ ഒരു ക്യാമറ ദൃശ്യങ്ങളും ഒരു ഏജൻസിക്കും കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു. അനുമതി ലഭിച്ചാൽ മാത്രം ദൃശ്യങ്ങൾ കൈമാറാം. അടിയന്തര സാഹചര്യങ്ങളിൽ ഫോണിലൂടെയും അനുമതി ലഭ്യമാക്കും.
നിർദ്ധിഷ്ട ഇമേജ് ക്വാളിറ്റിയും മറ്റു സ്പെസിഫിക്കേഷനും നിലനിർത്താൻ ക്യാമറ കമ്പനി പരാജയപ്പെടുന്ന പക്ഷം ലൈസൻസ് റദ്ദാക്കപ്പെടും.
രാജ്യത്തെ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും ആവശ്യമായ സ്പെസിഫിക്കേഷനുകളുള്ള ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞതായി ക്യാപ്റ്റൻ അൽ-സുലൈത്തി പറഞ്ഞു. ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നറിയാൻ പതിവ് കാമ്പെയ്‌നുകൾ ആരംഭിക്കുകയും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.