ഖത്തറിലെ സംരംഭക സമ്മേളനമായ ‘റൊവാദ് ഖത്തർ’ ഈ വർഷത്തേതും ഏഴാമത്തേതുമായ എഡിഷൻ നവംബർ 8 മുതൽ 10 വരെ നടക്കുമെന്ന് ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് അറിയിച്ചു. ‘പുതിയ സമ്പദ്‌വ്യവസ്ഥയിലെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ’ എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം. 2020 ൽ ആദ്യമായി പൂർണ്ണമായും വിർച്വൽ രൂപത്തിൽ നടന്ന സമ്മേളനം ഈ വർഷം വിർച്വലായും നേരിട്ടും സമ്മിശ്ര രൂപത്തിലാവും നടക്കുക.
ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് പരിപാടിയുടെ മുഖ്യ സ്പോണ്സർ. ഖത്തർ സയൻസ് ആന്റ് ടെക്നോളജി പാർക്ക് പ്ലാറ്റിനം സ്പോണ്സറായും ഖത്തർ ഇസ്ലാമിക് ബാങ്ക് ഗോൾഡൻ സ്പോണ്സറായും വർത്തിക്കും.
വിവിധ ദേശീയ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് പുറമെ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോണ് തുടങ്ങിയ കമ്പനികളും റൊവാദ് ഖത്തറിന്റെ ആഗോള പങ്കാളികളാകും.