റയൽ മാഡ്രിഡ് ടീം ദോഹയിലെത്തി, ഫൈനൽ പോരാട്ടത്തിന് എംബാപ്പയും വിനീഷ്യസമുണ്ടാകും

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ പോരാട്ടത്തിനായി റയൽ മാഡ്രിഡ് ടീം ദോഹയിലെത്തി. കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ഫൈനലിൽ മെക്‌സിക്കൻ ക്ലബായ പാച്ചൂക എഫ്‌സിയെയാണ് നേരിടാൻ പോകുന്നത്.

നാളെ. ഡിസംബർ 18നു നടക്കുന്ന ഫൈനൽ പോരാട്ടത്തിനായി സൂപ്പർതാരം എംബാപ്പയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. തുടയിലെ പരിക്ക് കാരണം താരം വിശ്രമത്തിൽ ആയിരുന്നെങ്കിലും ഫൈനൽ പോരാട്ടത്തിനുള്ള സ്‌ക്വാഡിൽ എംബാപ്പയും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

പരിക്കിൽ നിന്നും മോചിതനായിട്ടേയുള്ളൂ എന്നതിനാൽ ആദ്യ ഇലവനിൽ എംബാപ്പെ ഉണ്ടായേക്കില്ല. പകരക്കാരനായാവും താരം ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ വിനീഷ്യസ്, റോഡ്രിഗോ സഖ്യമാകും ആക്രമണങ്ങൾക്ക് നേതൃത്വം നൽകുക.

ഈ സീസണിൽ സമ്മിശ്രമായ ഫോമിൽ കടന്നു പോകുന്ന റയൽ മാഡ്രിഡിന് ആത്മവിശ്വാസം നൽകാൻ ഇന്റർകോണ്ടിനന്റൽ കപ്പ് വിജയത്തിന് കഴിയും. സ്‌പാനിഷ്‌ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടീമിന് അടുത്ത മത്സരത്തിൽ സെവിയ്യയാണ് എതിരാളികൾ.

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരം ലോകകപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന മത്സരം ലുസൈൽ ബൊളിവാർഡിൽ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

Exit mobile version