ഫാൾ 2024 സെമസ്റ്ററിലേക്ക് 5600 വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്ന് ഖത്തർ യൂണിവേഴ്‌സിറ്റി

ഫാൾ 2024 സെമസ്റ്ററിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഖത്തർ യൂണിവേഴ്‌സിറ്റി (ക്യുയു) പ്രഖ്യാപിച്ചു, പുതുമുഖങ്ങൾ, ട്രാൻസ്‌ഫർ ചെയ്യപ്പെട്ട വിദ്യാർത്ഥികൾ, രണ്ടാം ഡിഗ്രി അപേക്ഷകർ, വിസിറ്റിങ് സ്റ്റുഡന്റസ് എന്നിവരുൾപ്പെടെ 5,600 ഓളം പുതിയ വിദ്യാർത്ഥികളെയാണ് ക്യുയു സ്വാഗതം ചെയ്‌തിരിക്കുന്നത്‌. സെമസ്റ്റർ ക്ലാസുകൾ 2024 ഓഗസ്റ്റ് 25ന് ആരംഭിക്കും.

പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ 71 ശതമാനവും ഖത്തരികളാണെന്ന് സ്റ്റുഡൻ്റ് അഫയേഴ്‌സ് വൈസ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് ദിയാബ് പറഞ്ഞു. ഖത്തർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വവും കഴിവുകളും രൂപപ്പെടുത്താൻ സഹായിക്കുന്നതിന് അക്കാദമിക്, നോൺ-അക്കാദമിക് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അപേക്ഷിച്ചവർ അവരുടെ അഡ്‌മിഷന്റെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണമെന്ന് ഡോ. ദിയാബ് പറഞ്ഞു. അഡ്‌മിഷൻ ലഭിക്കാൻ വളരെയധികം മത്സരമുള്ളതിനാൽ മിനിമം ആവശ്യകതകൾ നിറവേറ്റുന്നത് പ്രവേശനം ഉറപ്പുനൽകുന്നില്ലെന്നും അദ്ദേഹം പരാമർശിച്ചു. ഈ സെമസ്റ്ററിൽ അഡ്‌മിഷൻ നേടാത്തവർക്ക് സ്പ്രിംഗ് 2025 സെമസ്റ്ററിന് അപേക്ഷിക്കാം.

2024 ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന ഓൺലൈൻ ഓറിയൻ്റേഷനിൽ പുതിയ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടത് നിർബന്ധമാണ്, ഇത് പൂർത്തിയാക്കാത്ത വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കാൻ വരെ സാധ്യതയുണ്ട്. സർവകലാശാലയുടെ നയങ്ങൾ മനസ്സിലാക്കാനും ആവശ്യമുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യാനും ഓറിയൻ്റേഷൻ പ്രോഗ്രാം വിദ്യാർത്ഥികളെ സഹായിക്കും.

എക്‌സലൻസ് അവാർഡുകൾ , ജിസിസി പൗരന്മാർക്കും ക്യുയു സ്റ്റാഫിൻ്റെ കുട്ടികൾക്കുമുള്ള പ്രത്യേക സ്‌കോളർഷിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ സ്‌കോളർഷിപ്പുകൾ ഖത്തർ യൂണിവേഴ്‌സിറ്റി വാഗ്‌ദാനം ചെയ്യുന്നു. സ്കോളർഷിപ്പുകൾ മത്സരപരവും അക്കാദമിക് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ഈ സെമസ്റ്ററിൽ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഭാവിയിൽ അപേക്ഷിക്കാം.

12 കോളേജുകളിലായി 51 ബിരുദ, 53 ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്ന ഖത്തർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ വിജയത്തിനായി സജ്ജമാക്കാനും ഖത്തറിൻ്റെ ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാനും ലക്ഷ്യമിടുന്നു. ഖത്തർ നാഷണൽ വിഷൻ 2030ലേക്ക് സംഭാവന നൽകുന്ന യൂണിവേഴ്‌സിറ്റി ഗവേഷണത്തെയും കമ്മ്യൂണിറ്റി ഇടപെടലിനെയും പിന്തുണയ്ക്കുന്നു.

Exit mobile version