താരം ഗ്രൗണ്ടിൽ തളർന്നു വീണതിനെ തുടർന്ന് ഖത്തർ സ്റ്റാർസ് ലീഗ് മത്സരം റദ്ദാക്കി

ദോഹ: ക്യുഎൻബി-ഖത്തർ സ്റ്റാർസ് ലീഗിലെ (ക്യുഎസ്എൽ) ശനിയാഴ്ചത്തെ, അൽ വക്രയും അൽ റയ്യാനും തമ്മിലുള്ള റൗണ്ട്-13 മത്സരം, കളിക്കാരിൽ ഒരാൾ ഗ്രൗണ്ടിൽ തളർന്നുവീണതിനെ തുടർന്ന്, റദ്ദാക്കി. ഇന്ന് വൈകുന്നേരം ജാസിം ബിൻ ഥാനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ അൽ വക്ര താരം ഒത്മാൻ കൗലിബാലിയാണ് തളർന്ന് വീണത്. ഹൃദയാഘാതമാണ് കാരണമെന്ന്‌ ക്യൂഎസ്എൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് 41-ാം മിനിറ്റിൽ തന്നെ റഫറി മത്സരം അവസാനിപ്പിച്ചു. സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ ഒത്മാന് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

ഒത്മാൻ കൗലിബാലി ഹൃദയാഘാതം നേരിടുകയായിരുന്നെന്നും, അദ്ദേഹം നിലവിൽ ആവശ്യമായ മെഡിക്കൽ പരിചരണത്തിലാണ് ഉള്ളതെന്നും ക്യുഎസ്എൽ പിന്നീട് പത്രക്കുറിപ്പിൽ അറിയിച്ചു. അൽ റയ്യാൻ മുന്നിലുള്ള (1-0) മത്സരത്തിന്റെ ബാക്കി സമയം പിന്നീട് തീർക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഒത്മാൻ കൗലിബാലി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സംഭവത്തിന് ശേഷം മെഡിക്കൽ സ്റ്റാഫ് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അൽ കാസ് അവതാരകൻ ഖാലിദ് ജാസിം ട്വിറ്ററിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബെയിൻ സ്‌പോർട്‌സും വ്യക്തമാക്കി.

Exit mobile version