പ്രമുഖ ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ അഭിപ്രായത്തിൽ, ഖത്തറിൻ്റെ ഓൺലൈൻ സേവന വിപണി വരും വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവൺമെൻ്റിൻ്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളും, സൗകര്യത്തിനും കാര്യക്ഷമതയ്ക്കും വേണ്ടി ഖത്തറിലെ ജനങ്ങൾ ഓൺലൈൻ സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനാലും ഇവയുടെ ആവശ്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
സ്റ്റാറ്റിസ്റ്റയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് ഓൺലൈൻ സേവന വിപണിയിൽ നിന്നുള്ള വരുമാനം 2025-ഓടെ $1.6 ബില്യൺ (QR5.9 ബില്ല്യൺ) ആയി എത്തുമെന്നാണ്. 2025 മുതൽ 2029 വരെയുള്ള കാലഘട്ടത്തിൽ 12.58% വാർഷിക നിരക്കിൽ ഈ വിപണി 2.6 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയും 2025 അവസാനത്തോടെ ശക്തമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ വർഷം മുതൽ 2026 വരെ ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിൽ 28.1% വർധനവ് പ്രതീക്ഷിക്കുന്നു. ഖത്തറിലെ ഓൺലൈൻ ഫുഡ് ഡെലിവറി 2025 അവസാനത്തോടെ $1.6 ബില്യൺ വിപണി മൂല്യത്തിൽ എത്തുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു.
ആഗോളതലത്തിൽ, ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിൽ ചൈന ഏറ്റവും ഉയർന്ന വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം $545.8 ബില്യൺ ആണ് ചൈനയുടെ വരുമാനം പ്രതീക്ഷിക്കുന്നത്.
ഖത്തറിൽ, ഓൺലൈൻ ഫുഡ് ഡെലിവറി മാർക്കറ്റിൽ ഓരോ ഉപയോക്താവിൻ്റെയും ശരാശരി വരുമാനം (ARPU) 2025-ൽ 1,058 ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത നാല് വർഷത്തിനുള്ളിൽ ഉപയോക്താക്കളുടെ എണ്ണം 1.8 ദശലക്ഷമായി വളരുമെന്നും കരുതപ്പെടുന്നു. എന്നിരുന്നാലും, ഖത്തറിലെ ഓൺലൈൻ ഭക്ഷണ വിതരണത്തിനുള്ള പെനട്രേഷൻ റേറ്റ് ഈ വർഷം 55.4% ആയി കണക്കാക്കപ്പെടുന്നു, അതായത് ജനസംഖ്യയുടെ ഇത്രയും ശതമാനം പേർ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ ഉപയോഗിക്കും.
ഇ-സേവന മേഖലയിലെ സർക്കാർ സംരംഭങ്ങളും പദ്ധതികളും ഖത്തറിനെ ഓൺലൈൻ വിപണിയിൽ മുൻനിരയിലാക്കാൻ സഹായിക്കുകയും ജിഡിപി വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യവസായ പ്രമുഖർ പറയുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx