കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനത്തിൽ ഖത്തർ മികച്ച മുന്നേറ്റം നടത്തി. ഭക്ഷ്യ വിതരണത്തിൽ കൂടുതൽ സ്വയംപര്യാപ്‌തതയും സുരക്ഷിതത്വവും ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങളാണ് ഇതിനു പിന്നിൽ.
ഫ്രഷ് പച്ചക്കറി ഉൽപ്പാദനത്തിൽ ഖത്തറിൽ 98 ശതമാനം വളർച്ചയുണ്ടായതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ പറഞ്ഞു. ശുദ്ധമായ പാൽ, പാലുൽപ്പന്നങ്ങൾ, കോഴിയിറച്ചി എന്നിവയുടെ ഉത്പാദനത്തിലും രാജ്യം പൂർണ്ണമായും സ്വയംപര്യാപ്‌തത കൈവരിച്ചു.
ദോഹയിൽ നടന്ന ജിസിസി അഗ്രികൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫുഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ 36-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ യോഗത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കൃഷി, ഭക്ഷ്യസുരക്ഷാ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവിയും സന്നിഹിതരായിരുന്നു.
വിവിധ വികസന പരിപാടികളിലൂടെ മത്സ്യ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിലും ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 2024-2030ലെ മൂന്നാമത്തെ ദേശീയ വികസന തന്ത്രത്തിൻ്റെ ഭാഗമായി ഒരു പുതിയ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം ഉടൻ അവതരിപ്പിക്കും. കൃഷിയെ പിന്തുണയ്ക്കുന്നതിനു ആധുനിക സാങ്കേതികവിദ്യയും നൂതനാശയങ്ങളും ഉപയോഗിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഭക്ഷ്യസുരക്ഷാ തന്ത്രങ്ങൾ, ജൈവ ഉൽപന്നങ്ങൾ, വളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ജനിതക വിഭവങ്ങൾ, മൃഗങ്ങളുടെ രോഗങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ജലജീവികളെ സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒറ്റക്കെട്ടായുള്ള സമീപനത്തെക്കുറിച്ചും ജിസിസി രാജ്യങ്ങളിൽ ഉടനീളം മത്സ്യബന്ധന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന ജനസംഖ്യ, ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ കാരണം ഭക്ഷ്യസുരക്ഷ വലിയ വെല്ലുവിളിയാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഭക്ഷ്യ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നത് രാജ്യങ്ങളെ ദുർബലമാക്കുന്നു, അതിനാൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ വിഭവങ്ങൾ നിലനിർത്തുന്നതിനും ദേശീയവും പ്രാദേശികവുമായ തന്ത്രങ്ങൾ വികസിപ്പിക്കേണ്ടത് നിർണായകമാണ്.
സുസ്ഥിര കൃഷിയെ പിന്തുണയ്ക്കുക, പ്രാദേശിക കൃഷിയിൽ നിക്ഷേപം നടത്തുക, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുക തുടങ്ങിയവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ദേശീയ ഭക്ഷ്യ സമ്പ്രദായങ്ങളെ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഒന്നാക്കി മാറ്റുന്നതിന് പ്രധാനമാണ്.