യൂറോപ്യൻ യൂണിയൻ്റെ കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യൂ ഡിലിജൻസ് ഡയറക്‌ടീവ് (സിഎസ്3ഡി) നടപ്പാക്കിയാൽ ഖത്തർ യൂറോപ്യൻ യൂണിയന് (ഇയു) ഗ്യാസ് വിതരണം നിർത്തിയേക്കുമെന്ന് ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി മുന്നറിയിപ്പ് നൽകി. 2024 ഡിസംബർ 22 ഞായറാഴ്ച പ്രസിദ്ധീകരിച്ച, ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഈ പ്രസ്‌താവന അദ്ദേഹം നടത്തിയത്.
ഈ പുതിയ EU നിയമം അനുസരിച്ച്, യൂറോപ്പിൽ പ്രവർത്തിക്കുന്ന കമ്പനികൾ കാർബൺ പുറന്തള്ളൽ, മനുഷ്യാവകാശങ്ങൾ, തൊഴിൽ അവകാശങ്ങൾ എന്നിവയിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണം. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് അവരുടെ ആഗോള വരുമാനത്തിൻ്റെ 5% വരെ പിഴ ചുമത്തും.
യൂറോപ്പിൽ ബിസിനസ് ചെയ്യുന്നതിലൂടെ എൻ്റെ വരുമാനത്തിൻ്റെ 5% നഷ്ടപ്പെട്ടാൽ ആ ബിസിനസ് തുടരില്ലെന്ന് മന്ത്രി പറഞ്ഞു. ഇതൊരു ഭീഷണിയായി പറയുന്നതല്ലെന്നും ഈ വരുമാനം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും അദ്ദേഹം വിശദീകരിച്ചു, “ഖത്തർ എനർജിയുടെ വരുമാനത്തിൻ്റെ അഞ്ച് ശതമാനം ഖത്തറിൻ്റെ ദേശീയ വരുമാനത്തിൻ്റെ 5% ആണ്. ഈ പണം ജനങ്ങളുടേതാണ്, ഇത്രയും വലിയ തുക നഷ്ടപ്പെടുന്നത് ആർക്കും അംഗീകരിക്കാൻ കഴിയില്ല.” അദ്ദേഹം വെളിപ്പെടുത്തി.
ഈ മാസം ആദ്യം, 2024 ഡിസംബർ 7 ന് ദോഹ ഫോറത്തിൽ, EU ൻ്റെ സുസ്ഥിര ലക്ഷ്യങ്ങൾക്ക് പിന്നിലെ ആശയത്തിന് മന്ത്രി പിന്തുണ അറിയിച്ചെങ്കിലും ഖത്തർ എനർജി പോലുള്ള കമ്പനികളെ സംബന്ധിച്ച് ഈ ആവശ്യങ്ങൾ നിറവേറ്റുന്നത് യാഥാർത്ഥ്യമല്ലെന്ന് പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp