യുഎൻ മനുഷ്യാവകാശ കൗണ്സിലിലേക്ക് ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു; ഇന്ത്യക്കുൾപ്പടെ നന്ദി പറഞ്ഞ് രാജ്യം

യുഎൻ മനുഷ്യാവകാശ കൗണ്സിലിലേക്ക് ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു. ബാലറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 182 രാജ്യങ്ങളുടെ വോട്ടിംഗ് പിന്തുണയോടെ 3 വർഷത്തേക്കാണ് ഖത്തറിന്റെ വിജയം. ഖത്തർ ഉൾപ്പെടെ 18 രാജ്യങ്ങളെയാണ് യുഎൻ ഡിപ്പാർട്ട്‌മെന്റ് ഫോർ ജനറൽ അസംബ്ലി ആന്റ് കോണ്ഫറന്സ് മാനേജ്‌മെന്റ് കൗണ്സിലിലേക്ക് പ്രഖ്യാപിച്ചത്. 

വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്ത വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ഹമദ് അൽതാനി ഇത് ഖത്തർ തുടർച്ചയായി പാലിക്കുന്ന മനുഷ്യാവകാശ നയങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണെന്നു അഭിപ്രായപ്പെട്ടു. ഖത്തറിന്റെവിദേശനയത്തിലെ തന്ത്രപ്രധാന ലക്ഷ്യങ്ങളിലൊന്നായി മനുഷ്യാവകാശ സംരക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

2006 ൽ മനുഷ്യാവകാശ കൗണ്സിൽ രൂപീകരിച്ചതിന് ശേഷം ഇതഞ്ചാം തവണയാണ് ഖത്തർ തിരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യാ പസഫിക് രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഖത്തറിന്റെ തിരഞ്ഞെടുപ്പ്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ദുരീകരിക്കാനും മധ്യസ്ഥതയ്ക്കും സമാധാന സ്ഥാപനത്തിനും ഖത്തർ വഹിക്കുന്ന ഉദ്യമങ്ങളെ മുൻനിർത്തിയാണ് അംഗീകാരം.

വോട്ടിംഗിൽ പിന്തുണ നൽകിയ ഇന്ത്യയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾക്ക് ‘ഖത്തർ മിഷൻ ടു യുഎൻ’ ട്വിറ്ററിൽ നന്ദി രേഖപ്പെടുത്തി.

Exit mobile version