ഖത്തർ വാക്സിനേഷൻ അവസാനഘട്ടത്തിലേക്ക്; 90 ശതമാനത്തിലധികം പേർക്ക് വാക്സീൻ ലഭിച്ചു

ദോഹ: ഖത്തർ വാക്സിനേഷൻ പ്രോഗ്രാം അവസാനഘട്ടത്തിലേക്കെന്ന് സൂചന നൽകി യോഗ്യരായ ജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർക്ക് കോവിഡ് വാക്സീൻ ഒരു ഡോസ് എങ്കിലും ലഭിച്ചതായി ആരോഗ്യമന്ത്രാലം അറിയിച്ചു. 12 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ഖത്തറിൽ വാക്സീൻ ലഭിക്കാൻ യോഗ്യരായവർ. ഇവരിൽ 90.3% പേർക്ക് ഒരു ഡോസും 77.6% പേർക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരെ മാത്രമാണ് മുഴുവൻ കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

വാക്സീന് യോഗ്യരല്ലാത്ത കുട്ടികൾ ഉൾപ്പെടെയുള്ള ആകെ ജനസംഖ്യ പരിഗണിക്കുമ്പോൾ ഒരു ഡോസ് ലഭിച്ചവർ 78.3 ശതമാനവും വാക്സിനേഷൻ പൂർത്തിയാക്കിയവർ 66.4 ശതമാനവും വരും. 40,91,569 ഡോസ് വാക്സീനുകൾ ആണ് ഖത്തറിൽ ആകെ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 14,903 ഡോസുകൾ നൽകി. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ തന്നെ ഖത്തർ വാക്സിനേഷൻ പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയേക്കും എന്ന സൂചനയാണ് അതിവേഗ വാക്സിനേഷൻ ഡാറ്റ നൽകുന്നത്.

Exit mobile version