ഖത്തറിന് നാളെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പ്

ദോഹ: രാജ്യത്തിന്റെ നിയമനിർമാണസഭയായ ഷൂറ കൗണ്സിലിലേക്കുള്ള പ്രഥമ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഖത്തറിൽ ദേശീയതലത്തിൽ നടക്കുന്ന ജനാധിപത്യരീതിയിലുള്ള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. നേരത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ജനാധിപത്യ വോട്ടെടുപ്പുകൾ നടന്നിട്ടുണ്ട്.

രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള ഖത്തരി പൗരന്മാരായ വോട്ടർമാർക്ക് അതാത് പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനാവും. 

ഖത്തറിന്റെ നിയമനിർമാണ സഭയായ ഷൂറ കൗണ്സിലിന്റെ 45 മണ്ഡലങ്ങളിൽ 30 എണ്ണത്തിലേക്കുള്ള പ്രതിനിധികളാണ് ഭൂരിപക്ഷം വോട്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുക. തുല്യ എണ്ണം വോട്ടുകൾ വന്നാൽ ഇലക്റ്റോറൽ കമ്മറ്റിയുടെ ഹെഡ്‌ഡിന്റെ വോട്ട് രേഖപെടുത്തി വിജയിയെ പ്രഖ്യാപിക്കും.

30 മണ്ഡലങ്ങളിലേക്കായി 27 സ്ത്രീകൾ ഉൾപ്പെടെ 252 പേരാണ് മത്സര രംഗത്തുള്ളത്. ബാക്കി 15 മണ്ഡലങ്ങളിൽ ഖത്തർ ഭരണഘടന അടിസ്ഥാനത്തിൽ അമീറിന്റെ തീരുമാനം ആയി തന്നെ പ്രതിനിധികളെ നിയമിക്കും.

ഇന്ന് രാവിലെ എട്ടോടെ തന്നെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. പോസ്റ്ററുകളും യോഗങ്ങളും ഉൾപ്പെടെ വിപുലമായ പ്രചാരണമാണ് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ഖത്തറിൽ നടന്നത്. സോഷ്യൽ മീഡിയയും വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

Exit mobile version