ജനുവരി 30 മുതൽ 100 ശതമാനം ശേഷിയിൽ ക്ലാസുകൾ; വിദ്യാർത്ഥികൾക്ക് വീടുകളിൽ പ്രതിവാര ആന്റിജൻ ടെസ്റ്റ്

ഖത്തറിൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം. ജനുവരി 30 മുതൽ രാജ്യത്ത് 100 ശതമാനം ശേഷിയിൽ ക്ലാസുകൾ തുടങ്ങും. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് മുഴുവൻ അറ്റന്റൻസ് നിർബന്ധമാകും.

എന്നാൽ വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് വരുന്നതിന് മുമ്പ് വീടുകളിൽ പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് കിറ്റുകൾ വാങ്ങി വീടുകളിൽ ടെസ്റ്റ് ചെയ്യാം. സ്‌കൂളിലെത്തുന്നതിന് 48 മണിക്കൂറിനുള്ളിൽ വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയോ ശനിയോ ആണ് ഈ ടെസ്റ്റ് നടത്തേണ്ടത്.

ടെസ്റ്റ് കിറ്റുകൾ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്‌കൂൾ കേന്ദ്രങ്ങളിൽ നിന്ന് നാളെ മുതൽ വാങ്ങാനാവും. സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾ ഫാർമസികളിൽ നിന്ന് വാങ്ങണം.

ശേഷം, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്ന അക്നോളജ്‌മെന്റ് ഫോമിൽ നെഗറ്റീവ് ടെസ്റ്റ് ഫലം സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.

ടെസ്റ്റിൽ പോസിറ്റീവ് ആവുന്ന വിദ്യാർത്ഥികൾ ഹെൽത്ത് സെന്ററിൽ ചികിത്സ തേടുകയും ഐസൊലേഷൻ പാലിക്കുകയും വേണം.

Exit mobile version