അഫ്‌ഗാൻ അഭയാർത്ഥികൾക്കായ് ലോകകപ്പിന് വേണ്ടിയൊരുക്കിയ താമസസൗകര്യങ്ങൾ തുറന്ന് ഖത്തർ

ദോഹ: അഫ്ഗാനിസ്താനിൽ നിന്ന് ഖത്തറിലെത്തിയ അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്നതിൽ 2022 ലോകകപ്പിലെ താമസസൗകര്യങ്ങൾക്കായി തയ്യാറാക്കിയ ‘ബ്രാൻഡ് ന്യൂ’ റെസിഡൻഷ്യൽ കോമ്പൗണ്ടും. എല്ലാ ആധുനികസൗകര്യങ്ങളോടും കൂടിയ വില്ലകളിൽ, 24 മണിക്കൂറും ലഭ്യമാകുന്ന വൈദ്യ സേവനം, പിസിആർ പരിശോധന, കുട്ടികൾക്കായുള്ള ഇവന്റുകൾ, ഐസ്ക്രീം സ്റ്റാന്റ് മുതലായ സൗകര്യങ്ങൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. 

വിദേശകാര്യ സഹമന്ത്രി ലുലുവ അൽ ഖദർ താമസസ്ഥലത്തെ സൗകര്യങ്ങൾ കോമ്പൗണ്ടിലെ ഓപ്പറേഷൻ റൂമിലൂടെ വിലയിരുത്തി. അഭയാർത്ഥികൾക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു. 500-ലധികം പേരുള്ള ഈ കോമ്പൗണ്ട് ഏറെക്കുറെ മുഴുവനായതായും അടിയന്തര ഘട്ടത്തിൽ കൂടുതൽ പേരെ ഉൾക്കൊള്ളാവുന്ന മറ്റൊരു കോമ്പൗണ്ട് കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തറെന്നും അവർ വ്യക്തമാക്കി. 

കുട്ടികളുൾപ്പടെയുള്ള അഫ്‌ഗാൻ അഭയാർത്ഥികൾ താമസസൗകര്യങ്ങളിൽ സന്തോഷവാന്മാരാണെന്നു ഓർമ്മപ്പെടുത്തുന്ന വിഡിയോയും ഖത്തർ ഗവണ്മെന്റ് കമ്യൂണിക്കേഷൻ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. അഫ്‌ഗാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് ഖത്തറിൽ താത്കാലിക അഭയം തേടിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ രാജ്യം പ്രതിഞ്ജാബദ്ധരാണെന്നു വീഡിയോക്ക് അടിക്കുറിപ്പായി ജി.സി.ഒ കുറിച്ചു. സാധാരണക്കാർ, നയതത്രജ്ഞർ, മാധ്യമപ്രവർത്തകർ, വിദേശികൾ തുടങ്ങിയവരെ ഖത്തർ സുരക്ഷിതമായി ഒഴിപ്പിക്കുന്നതായും ഓഫീസ് വ്യക്തമാക്കി.

Exit mobile version