ഇന്ത്യക്ക് കുറഞ്ഞ വിലയിൽ ഖത്തർ എൽഎൻജി നൽകും; കരാർ ഒപ്പിട്ടു

നിലവിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഖത്തറിൽ നിന്ന് എൽഎൻജി ഇറക്കുമതി ചെയ്യാനുള്ള 78 ബില്യൺ യുഎസ് ഡോളറിൻ്റെ കരാറിൽ ഇന്ത്യ ചൊവ്വാഴ്ച ഒപ്പുവച്ചു. 2028 ൽ അവസാനിക്കാനിരിക്കുന്ന നിലവിലെ കരാർ 2048 വരെ 20 വർഷം കൂടി നീട്ടുന്നതാണ് പുതിയ കരാർ. ബേതുലിൽ (ഗോവ) നടന്ന ഇന്ത്യ എനർജി വീക്കിലാണ് (IEW) കരാർ ഒപ്പിട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വളങ്ങൾ ഉണ്ടാക്കുന്നതിനും സിഎൻജി ആക്കി മാറ്റുന്നതിനുമായി പ്രതിവർഷം 7.5 ദശലക്ഷം ടൺ ഗ്യാസ് വാങ്ങുന്നതിനുള്ള കരാർ നീട്ടാൻ ഖത്തർ എനർജിയുമായി കരാർ ഒപ്പിട്ടതായി പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ ഡീലിനേക്കാൾ “ഗണ്യമായി” കുറഞ്ഞ വിലയിലാണ് കരാർ പുതുക്കിയതെന്ന് റിപ്പോർട്ടുകൾ പറഞ്ഞു. , പുതുക്കിയ നിബന്ധനകളിൽ, ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് നിലവിലെ വിലയിൽ നിന്ന് ഏകദേശം 0.8 ഡോളർ ഇന്ത്യ ലാഭിക്കും. ഇത് കരാർ കാലയളവിൽ 6 ബില്യൺ യുഎസ് ഡോളറിൻ്റെ സമ്പാദ്യമായി മാറും. 

രണ്ട് കരാറുകൾക്ക് കീഴിൽ ഖത്തറിൽ നിന്ന് പെട്രോനെറ്റ് പ്രതിവർഷം 8.5 ദശലക്ഷം ടൺ എൽഎൻജി (എംടിപിഎ) ഇറക്കുമതി ചെയ്യുന്നു. ആദ്യത്തെ 25 വർഷത്തെ കരാർ 2028-ൽ അവസാനിക്കും. 2015-ൽ ഏർപ്പെട്ടിരിക്കുന്ന 1 എംടിപിഎയുടെ രണ്ടാമത്തെ ഇടപാട് പ്രത്യേകം ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version