ദോഹ: ഉക്രേനിയൻ അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാൻ ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് മുഖേന 5 മില്യൺ ഡോളർ അനുവദിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചു.
ഉക്രെയ്നിനായുള്ള “വെർച്വൽ” ഡോണേഴ്‌സ് കോൺഫറൻസിൽ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഉക്രെയ്‌നിലെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കാനും മാനുഷിക ഇടനാഴികൾ സുരക്ഷിതമാക്കാനുമുള്ള ഖത്തറിന്റെ ആഹ്വാനം അവർ ആവർത്തിച്ചു.
ലോകം ദുഷ്‌കരമായ ഘട്ടങ്ങളിലൂടെയും ഒന്നിലധികം പ്രതിസന്ധികളിലൂടെയും കടന്നുപോകുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
യുദ്ധവും അതിന്റെ ഭീകരതയും ഒഴിവാക്കാൻ പാലായനം ചെയ്യേണ്ടി വരുന്ന ഉക്രെയ്ൻ ജനത, മുമ്പ് യുദ്ധത്തിന്റെ വിപത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണനയും അനുഭവിച്ച ദശലക്ഷക്കണക്കിന് അഭയാർത്ഥികളെ ഓര്മിപ്പിക്കുന്നതായി അവർ പറഞ്ഞു.
സിറിയൻ അഭയാർത്ഥികൾ, ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അഭയാർത്ഥി ദുരന്തമായ ഫലസ്തീൻ എന്നിവ അൽ ഖതർ പ്രത്യേകം പരാമർശിച്ചു.
ഈ സാഹചര്യത്തിൽ, ബാൾക്കണിലും പരിസരത്തും സംഘർഷം മറ്റ് അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് ഖത്തർ ഭയപ്പെടുന്നതായി അസിസ്റ്റന്റ് മന്ത്രി പറഞ്ഞു.
ഇരകളുടെ കുടുംബങ്ങളോട് ഖത്തറിന്റെ ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തുകയും ഈ മനുഷ്യദുരന്തത്തിന് അടിയന്തിര പരിഹാരത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർക്കും ഉക്രേനിയൻ അഭയാർഥികളെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും പിന്തുണയ്ക്കുന്നതിനായി ഈ കോൺഫറൻസിന് ആതിഥേയത്വം വഹിച്ച മുഴുവൻ പേർക്കും അവർ നന്ദി പറഞ്ഞു.