സ്വകാര്യ കയറ്റുമതി: കൊറോണയ്ക്ക് മുമ്പുള്ളതിനെക്കാൾ വളർച്ചയുമായി ഖത്തർ

ദോഹ: സ്വകാര്യ മേഖലയില്‍ നിന്നുള്ള കയറ്റുമതി വ്യാപാരത്തിൽ വൻ കുതിപ്പുമായി ഖത്തർ. ഖത്തര്‍ ചേംബറിന്റെ ജൂലൈ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം മെയ് മാസത്തിൽ, കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 321 ശതമാനത്തിന്റെ വര്‍ധനവാണ് വ്യാപാരത്തിലുണ്ടായത്. മാസം തോറുമുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏപ്രിലിലേക്കാൾ കയറ്റുമതിയില്‍ 24.20 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 

2020 ന് ശേഷം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ അതേ വർഷം ഫെബ്രുവരിയിലെ കണക്കുകളെ അപേക്ഷിച്ച്, ഈ വര്‍ഷം മെയ് മാസത്തില്‍ 31.6 ശതമാനം വര്‍ധനവും ഉണ്ടായി. കൊറോണ മഹാമാരിക്ക് ശേഷം ഖത്തർ സാമ്പത്തിക മേഖലയിൽ കൊറോണയ്ക്ക് മുന്പുള്ളതിനെക്കാൾ വളർച്ചാ നിരക്ക് രേഖപെടുത്തുന്നത് ഇതാദ്യമാണ്. രാജ്യം കോവിഡ് സാമ്പത്തിക മാന്ദ്യത്തെ പൂർണ്ണമായും അതിജീവിച്ചു എന്ന് വ്യക്തമാക്കുന്നതായി റിപ്പോർട്ട് നിരീക്ഷിച്ചു.  

ഖത്തര്‍ കയറ്റുമതിയുടെ 40.7 ശതമാനവും വാങ്ങി ഉപഭോക്താക്കളിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്. 32.6 ശതമാനം സ്വീകരിച്ചു കൊണ്ട് ഏഷ്യൻ രാജ്യങ്ങൾ രണ്ടാമതുണ്ട്. അതിൽ തന്നെ ആകെ മൂല്യത്തിന്റെ 21.7 ശതമാനവുമായി  ജി.സി.സി രാജ്യങ്ങൾക്ക് മൂന്നാം സ്ഥാനം അവകാശപ്പെടാനാവും.

Exit mobile version