ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ 2024 നവംബറിൽ ശക്തമായ വളർച്ച കൈവരിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ കൂടുതൽ ചരക്ക്, RORO യൂണിറ്റുകൾ, കപ്പലുകൾ എന്നിവ ഖത്തറിലെ തുറമുഖങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. 2024 നവംബറിൽ മൂന്ന് തുറമുഖങ്ങളും കൂടി കൈകാര്യം ചെയ്‌ത മൊത്തം പൊതു, ബൾക്ക് ചരക്ക് 99,357 ടണ്ണിലെത്തി. 2023 നവംബറിനെ അപേക്ഷിച്ച് 5% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നവംബറിൽ, 238 കപ്പലുകൾ ഈ തുറമുഖങ്ങളിൽ ഡോക്ക് ചെയ്‌തു. ഇതും 2023 നവംബർ മാസത്തെ അപേക്ഷിച്ച് 5% കൂടുതലാണ്. RORO കൈകാര്യം ചെയ്യൽ 22,464 യൂണിറ്റിലെത്തി, ഇക്കാര്യത്തിൽ 297% വർദ്ധനവ് കാണിക്കുന്നുവെന്ന് മവാനി ഖത്തറിന്റെ എക്‌സ് പോസ്റ്റിൽ നിന്നും വ്യക്തമാകുന്നു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാണെന്ന സ്ഥാനം ഹമദ് പോർട്ട് ശക്തിപ്പെടുത്തുകയാണ്. ഖത്തറിൻ്റെ ലോജിസ്റ്റിക് വ്യവസായം മെച്ചപ്പെടുത്താനും ആഗോള വ്യാപാര കേന്ദ്രമായി മാറാനും ഖത്തർ നാഷണൽ വിഷൻ 2030-ൻ്റെ ഭാഗമായുള്ള രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്‌ക്കാനും ഇത് ലക്ഷ്യമിടുന്നു.
2024 നവംബറിൽ ഹമദ് തുറമുഖം 135 കപ്പലുകൾ കൈകാര്യം ചെയ്‌തതായി ക്യു ടെർമിനൽസ് എക്‌സിൽ പങ്കുവെച്ചു. 107,078 TEU കണ്ടെയ്‌നറുകൾ, 7,600 ടൺ ബൾക്ക് ചരക്ക്, 73,434 ചരക്ക് ടൺ ബ്രേക്ക്ബൾക്ക് ചരക്ക്, RO8,4141 എന്നിവ ഈ തുറമുഖം കൈകാര്യം ചെയ്‌തു.
ഹമദ് തുറമുഖത്തിൻ്റെ വളർച്ച പ്രാദേശികവും അന്തർദേശീയവുമായ ഉപഭോക്താക്കൾക്ക് ടെർമിനലുകളിലൂടെ ചരക്കുകളുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നു. ഇത് ബിസിനസ് അവസരങ്ങൾ മെച്ചപ്പെടുത്തുകയും ആഗോള വ്യാപാരത്തിൽ ഖത്തറിൻ്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഗതാഗത മന്ത്രാലയത്തിൻ്റെ പദ്ധതികൾക്ക് അനുസൃതമായി സമുദ്ര ഗതാഗത മേഖല നവീകരിക്കുന്നത് തുടരുകയാണ്. സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാനും ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും അന്തർദേശീയ സമുദ്ര ട്രെൻഡുകളും സമ്പ്രദായങ്ങളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു.