ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രകാരം, വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്ക് ക്വാറന്റീനും പിസിആർ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വാക്സിനേഷൻ സാധുവാകുന്ന കാലാവധി 9 മാസം മാത്രമാണ്.
അവസാന 9 മാസത്തിനുള്ളിൽ കൊവിഡ് വന്നു ഭേദമായ മെഡിക്കൽ രേഖകൾ ഉള്ളവർക്കും തുല്യ പരിഗണന ലഭിക്കും.
ഫൈസർ, മോഡേണ, കൊവീഷീൽഡ് വാക്സീനുകൾ എടുത്തവർക്ക് അംഗീകൃതമായ കാലാവധി രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷം 9 മാസം വരെയാണ്. 9 മാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുത്ത് 14 ദിവസം പിന്നിടണം. അല്ലാത്ത പക്ഷം ഇവർക്ക് വാക്സീൻ ആനുകൂല്യങ്ങൾ ലഭിക്കില്ല.
എന്നാൽ ജാൻസൻ ആന്റ് ജാൻസൻ വാക്സീൻ സ്വീകരിച്ചവർക്ക് ഒന്നാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമാണ് 9 മാസ കാലാവധി (ഈ വാക്സീൻ ഒരു ഡോസ് മാത്രമേ ഉള്ളൂ). 9 മാസത്തിന് ശേഷം ബൂസ്റ്റർ സ്വീകരിച്ച് 7 ദിവസം പിന്നിട്ടവർക്ക് കാലാവധി പുതുക്കപ്പെടും.
ഖത്തറിലെ കണ്ടീഷണലി അപ്പ്രൂവ്ഡ് വാക്സീനുകളായ കൊവാക്‌സിൻ, സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവ സ്വീകരിച്ചവർക്ക്, രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷം 6 മാസം വരെ മാത്രമാണ് സാധുവായ കാലാവധി.
കൂടാതെ, ഇവർക്ക് യാത്രക്ക് മുൻപ് സീറോളജി ആന്റിബോഡി ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ഫലം ലഭിക്കണം. ടെസ്റ്റ് ഫലത്തിന്റെ വാലിഡിറ്റി 30 ദിവസമാണ്. ടെസ്റ്റ് ചെയ്യാത്തവർക്കോ, പോസിറ്റീവ് അല്ലാത്തവർക്കോ ക്വാറന്റീൻ ഇളവ് ലഭിക്കില്ല.
കണ്ടീഷണലി അപ്പ്രൂവ്ഡ് വാക്സീനുകൾ എടുത്തവർ അവയുടെ തന്നെ ബൂസ്റ്റർ ഡോസ് എടുക്കുകയാണെങ്കിൽ, 14 ദിവസത്തിന് ശേഷം 6 മാസം കൂടി കാലാവധി പുതുക്കപ്പെടും. അതേസമയം, ഇവർ ഖത്തറിലെ പൂർണ അംഗീകൃത വാക്സീനുകളുടെ ബൂസ്റ്റർ ആണ് എടുക്കുന്നതെങ്കിൽ കാലാവധി 9 മാസത്തേക്ക് പുതുക്കപ്പെടും എന്ന് മാത്രമല്ല, സീറോളജി ആന്റിബോഡി ടെസ്റ്റും ആവശ്യമില്ലാതാവും.
അവസാന 9 മാസത്തിനുള്ളിൽ കൊവിഡ് വന്ന് മാറിയതായി തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ലാബോട്ടറി പരിശോധന ഫലം ഉള്ളവർക്ക് വാക്സിനേഷന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.