ഷെയ്ഖ മോസക്കുള്ള ആദരവ്, ‘ഇൻഫിനിറ്റി ലവ്’ ശിൽപം അനാവരണം ചെയ്‌ത് ഖത്തർ മ്യൂസിയംസ്

ഖത്തറി ആർട്ടിസ്റ്റ് ബഷയർ അൽ-ബദർ നിർമ്മിച്ച “ഇൻഫിനിറ്റി ലവ്” എന്ന പേരിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ശിൽപം ഖത്തർ മ്യൂസിയം അനാവരണം ചെയ്‌തു. അറബിക് കാലിഗ്രാഫിയുടെ രൂപത്തിലുള്ള ഈ കലാസൃഷ്‌ടി, അംഗഭംഗം സംഭവിച്ചവർക്ക് വേണ്ടിയുള്ള അൽ ഷഫല്ലാഹ് സെൻ്ററിന് പുറത്ത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഖത്തറിലെ വികലാംഗരെ സഹായിക്കുന്ന കേന്ദ്രത്തിനു പ്രധാന പിന്തുണ നൽകുന്ന ഷെയ്ഖ മോസ ബിൻത് നാസറിൻ്റെ 25 വർഷത്തെ പിന്തുണ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത് സ്ഥാപിച്ചത്.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് ശിൽപം പ്രകാശനം ചെയ്തത്. അൽ ഷഫല്ലാ സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ മറിയം സെയ്‌ഫ് അൽ സുവൈദി എന്നിവർക്ക് പുറമെ ഖത്തർ മ്യൂസിയം, ഖത്തർ ഗവൺമെൻ്റ് തുടങ്ങിയവയിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ബഷയർ അൽ-ബദർ 2016 മുതൽ അറബി കാലിഗ്രാഫി ഉപയോഗിച്ച് ശിൽപ്പങ്ങൾ രൂപകൽപ്പന ചെയ്യുന്നുണ്ട്. “ഇൻഫിനിറ്റി ലവ്” എന്ന ശിൽപ്പത്തിന് വേണ്ടി സ്നേഹം എന്നർത്ഥം വരുന്ന അറബി വാക്കിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കുകൾ അവർ ഉപയോഗിച്ചിരിക്കുന്നു. ഈ ഡിസൈൻ വ്യക്തികൾക്കിടയിലും ഖത്തറിലെ വൈവിധ്യമാർന്ന സമൂഹത്തിനുള്ളിലുമുള്ള അനന്തമായ സ്നേഹത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നു.

“ഇൻഫിനിറ്റി ലവ്” ഇപ്പോൾ ഖത്തറിലുള്ള 140ലധികം പൊതു കലാസൃഷ്ടികളുടെ ഭാഗമാണ്, ഇത് രാജ്യത്തിൻ്റെ വിപുലമായ ഔട്ട്ഡോർ ആർട്ട് ശേഖരത്തിലേക്ക് സംഭാവന ചെയ്യുന്നു.

Exit mobile version