ജോലി കണ്ടെത്താൻ സഹായിക്കുന്ന, AI സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

തൊഴിൽ മന്ത്രാലയവും ഗൂഗിൾ ക്ലൗഡും മന്നായ് ഇൻഫോടെക്കും ചേർന്ന് ‘Ouqoul’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഖത്തറിലെ യൂണിവേഴ്‌സിറ്റി ബിരുദധാരികൾക്ക് ജോലി കണ്ടെത്തുന്നതിനും കമ്പനികളുടെ നിയമന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുമുള്ള ഈ പ്ലാറ്റ്ഫോം AI സാങ്കേതികവിദ്യയിലൂന്നിയാണ് പ്രവർത്തിക്കുന്നത്.

വിദഗ്‌ദരായ ബിരുദധാരികളെ പ്രാദേശിക തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കാനും ഖത്തറിൻ്റെ തൊഴിൽ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്‌ക്കാനുമാണ് ‘ഔഖൂൾ’ ഉന്നംവെക്കുന്നതെന്ന് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള അണ്ടർസെക്രട്ടറിയായ ഷെയ്ഖ നജ്‌വ ബിൻത് അബ്ദുൽറഹ്‌മാൻ അൽതാനി പറഞ്ഞു. ഖത്തർ ദേശീയ ദർശനം 2030ന്റെ ഭാഗമാണ് പുതിയ പ്ലാറ്റ്‌ഫോം.

ഐഡൻ്റിറ്റി വെരിഫിക്കേഷൻ, ജോബ് പോസ്‌റ്റിംഗ്, റെസ്യൂം മാച്ചിംഗ് എന്നിവയ്‌ക്കും മറ്റു പല കാര്യങ്ങൾക്കും സഹായിക്കുന്ന വളരെ അനായാസം ഉപയോഗിക്കാവുന്ന ഡിസൈനാണ് ‘Ouqoul’ ലുള്ളത്. പ്രവാസി ബിരുദധാരികൾ, സ്വകാര്യ കമ്പനികൾ, സർവകലാശാലകൾ എന്നിങ്ങനെ മൂന്ന് ഇൻ്റർഫേസുകളാണ് ഇതിലുള്ളത്. ബിരുദധാരികൾക്ക് പ്രൊഫൈലുകൾ ഉണ്ടാക്കാനും ജോലിക്കു വേണ്ടി തിരയാനും തൊഴിൽ ഉപദേശം നേടാനും കഴിയും.

കമ്പനികൾക്ക് ജോലികൾ പോസ്റ്റുചെയ്യാനും ഉദ്യോഗാർത്ഥികളെ കണ്ടെത്താനും ഇതിലൂടെ അവസരമുണ്ട്. അതിനു പുറമെ സർവ്വകലാശാലകൾക്ക് അവരുടെ പ്രോഗ്രാമുകൾ മെച്ചപ്പെടുത്തുന്നതിന് ലേബർ മാർക്കറ്റ് ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയും. സേവനങ്ങൾ നവീകരിക്കുന്നതിനും, ഖത്തറികൾക്കും അവരുടെ കുട്ടികൾക്കും സ്വകാര്യമേഖലയിൽ തൊഴിൽ നൽകുന്നതിനുമുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് ഈ പ്ലാറ്റ്‌ഫോം.

Exit mobile version