പ്രവാസിതൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഖത്തർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥൻ യുഎസിന്റെ “മനുഷ്യക്കടത്ത് വിരുദ്ധ ഹീറോ”

ദോഹ: ഖത്തർ തൊഴിൽ, ഭരണവികസന സാമൂഹ്യകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മൊഹമ്മദ് അൽ ഒബൈദിക്ക് 2021-ലെ യുഎസിന്റെ ‘ട്രാഫിക്കിംഗ് ഇൻ പേഴ്സണ്സ് (TIP) റിപ്പോർട്ട് ഹീറോ’ അംഗീകാരം. മനുഷ്യക്കടത്ത് തടയാൻ ശക്തമായി പ്രയത്നിക്കുന്ന വ്യക്തികൾക്കുള്ളതാണ് യുഎസിന്റെ പ്രസ്തുത അംഗീകാരം. ഖത്തറിലെ പ്രവാസി തൊഴിലാളികൾക്ക് നേരെയുള്ള ചൂഷണങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും സ്പോണ്സർഷിപ്പ് മേഖലയിൽ കൊണ്ട് വന്ന സമൂല പരിഷ്‌കാരങ്ങളുമാണ് ഒബൈദിയെ ജേതാവാക്കിയത്. ഖത്തറിലെ യുഎസ് എംബസിയാണ് പുരസ്‌കാരവിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

പ്രവാസി തൊഴിലാളിക്ഷേമ വിഷയത്തിൽ നടത്തിയ ഇടപെടലുകളുടെയും നിയമനിർമാണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഒബൈദിക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഖത്തറിലെ മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്ന നിരവധി നയങ്ങളും പദ്ധതികളും ഒബൈദി നടപ്പാക്കിയിട്ടുണ്ട്. തൊഴിൽ തർക്ക റെസല്യൂഷൻ കമ്മറ്റി, കുടിയേറ്റ തൊഴിലാളികൾക്കുള്ള എക്സിറ്റ് പെർമിറ്റ് നിബന്ധനകൾ ഒഴിവാക്കൽ, മിനിമം കൂലി ഉറപ്പാക്കിയത്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയത് എന്നിവ അവയിൽ ചിലതാണ്. 

മനുഷ്യക്കടത്തിനെതിരെ പോരാടാൻ അദ്ദേഹത്തിനും സംഘത്തിനുമൊപ്പം തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തു. ഒബൈദി ഉൾപ്പെടെ ലോകമെമ്പാടുനിന്നുമായി 8 പേരാണ് ഇക്കുറി അംഗീകാര പട്ടികയിൽ ഇടം പിടിച്ചത്. ഏവരെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ പ്രത്യേക വെർച്വൽ മീറ്റിൽ ആദരിച്ചതായും എംബസിയുടെ പത്രക്കുറിപ്പ് അറിയിച്ചു.

Exit mobile version