ഫുട്ബോൾ ഇതിഹാസങ്ങളും പ്രശസ്‌തരായ കണ്ടന്റ് ക്രിയേറ്റേഴ്‌സും ഉൾപ്പെടുന്ന വമ്പൻ ചാരിറ്റി ഫുട്ബോൾ മത്സരമായ മാച്ച് ഫോർ ഹോപ്പിന്റെ രണ്ടാം പതിപ്പ് ഖത്തറിൽ നടക്കും. 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച്ച മത്സരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ക്യു ലൈഫ് സംഘടിപ്പിച്ച ആദ്യ മാച്ച് ഫോർ ഹോപ്പ് വൻ വിജയമായിരുന്നു, ഖത്തറിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരം 34,000-ത്തിലധികം കാണികളെ ആകർഷിക്കുകയും 22.5 ദശലക്ഷത്തിലധികം ലൈവ് വ്യൂവർഷിപ്പ് നേടുകയും ചെയ്‌തു.
പലസ്‌തീൻ, സുഡാൻ, മാലി, റുവാണ്ട, ടാൻസാനിയ, പാകിസ്ഥാൻ എന്നീ ആറ് രാജ്യങ്ങളിലെ 70,000ത്തിലധികം സ്‌കൂൾ കുട്ടികളെ സഹായിക്കുന്നതിനായി, എജ്യുക്കേഷൻ എബോവ് ഓൾ (ഇഎഎ) ഫൗണ്ടേഷനു വേണ്ടി ഈ ഇവൻ്റ് 8.8 ദശലക്ഷത്തിലധികം ഡോളർ സമാഹരിക്കുകയും ചെയ്‌തിരുന്നു.
അടുത്ത വർഷത്തെ ഇവൻ്റ് അതിലും വലുതായിരിക്കും. നിരവധി പ്രിയപ്പെട്ട കളിക്കാരെയും പുതിയ താരങ്ങളെയും അവതരിപ്പിക്കുന്ന ഈ പരിപാടിയും EAA-യ്‌ക്ക് ഫണ്ട് സ്വരൂപിക്കുക എന്ന ലക്‌ഷ്യത്തെ മുൻനിർത്തിയുള്ളതാണ്.
ഫാൻസ് ഇന്ററാക്ഷൻസ്, സ്‌പോർട്‌സ് ഇവൻ്റുകൾ, പ്രശസ്‌ത കണ്ടന്റ് ക്രിയേറ്റേഴ്‌സുമായുള്ള തത്സമയ പോഡ്‌കാസ്റ്റുകൾ, മത്സര ദിവസത്തിലെ ഹാഫ്‌ടൈമിൽ ലൈവ് സംഗീത പ്രകടനം എന്നിവ ഉൾപ്പെടെ ഒരാഴ്‌ചത്തെ പ്രവർത്തനങ്ങളും മാച്ച് ഫോർ ഹോപ്പ് അവതരിപ്പിക്കും.
വേദി, കളിക്കാർ, മറ്റ് പ്രത്യേകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
മാച്ച് ഫോർ ഹോപ്പിലെ ആദ്യ മത്സരത്തിൽ, ടീം അബോഫ്ലയ്‌ക്കെതിരെ 7-5 എന്ന സ്‌കോറിന് ടീം ചങ്ക്‌സ് വിജയിച്ചു. മത്സരത്തിൽ ലോകകപ്പ് താരങ്ങളായ കാക്ക, ഈഡൻ ഹസാർഡ്, ദിദിയർ ദ്രോഗ്ബ എന്നിവരും ഐ ഷോ സ്‌പീഡ്, യുങ് ഫില്ലി, എമാൻ എസ്വി2, ആംഗ്രി ജിംഗെ തുടങ്ങിയ പ്രമുഖ ക്രിയേറ്റേഴ്‌സും ഉണ്ടായിരുന്നു.