കളി കാണാൻ ഖത്തറിലെത്തുന്നവർക്ക് വീടുകളിൽ താമസമൊരുക്കാം, ‘ഹോസ്റ്റ് എ ഫാൻ’ പദ്ധതിയുമായി ഖത്തർ

ദോഹ: വേൾഡ് കപ്പ് ഉൾപ്പെടെ ഖത്തറിൽ വരാനിരിക്കുന്ന കായിക മല്‍സരങ്ങളിൽ കാണികളായെത്തുന്ന വിദേശികൾക്ക് ആതിഥ്യമരുളാൻ രാജ്യത്തെ വീട്ടുടമകള്‍ക്ക് അവസരവുമായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ‘ഹോസ്റ്റ് എ ഫാന്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അറബ് ലോകത്തിന്റെ ആതിഥ്യ മര്യാദ വിളിച്ചോതുന്നതാണ്. 

വീടുകളിൽ താമസിക്കാനായി അതിഥികൾ പണം മുടക്കേണ്ടതില്ല. താമസസൗകര്യവും എത്ര ദിവസം താമസിക്കാമെന്നും ആതിഥേയർക്ക് തീരുമാനിക്കാം. അതിഥികൾക്ക് ഖത്തറിലേക്കുള്ള ഗൈഡായാണ് ആതിഥേയർ വർത്തിക്കേണ്ടത്.

ഖത്തർ അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയ അതിഥികളെയും ആതിഥേയരെയും മാത്രമേ പദ്ധതിയിൽ ഭാഗമാകാൻ അനുവദിക്കൂ.

ആതിഥ്യമരുളാൻ താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബർ 25 മുതല്‍ ഒക്ടോബര്‍ 12 വരെ www.hostafan.qa എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.

ഖത്തറില്‍ അതിഥികളായെത്തുന്നവർക്ക്  വിവിധ തരത്തിലുള്ള താമസ സൗകര്യം ലഭിക്കുമെന്നതിനൊപ്പം രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം അടുത്തറിയാനുള്ള അവസരം കൂടിയാകും പദ്ധതിയെന്ന് പ്രോജക്ട് മാനേജർ ഖാലിദ് അൽ ജുമൈലി പറയുന്നു.

Exit mobile version