സെനഗൽ കരുത്തിന് മുന്നിൽ പൊരുതി വീണ് ഖത്തർ; തോൽവിയിലും തെളിയുന്ന പോരാട്ട വീര്യം

ദോഹ: അൽ തുമാമ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് നടന്ന ഗ്രൂപ്പ് എയിലെ ആതിഥേയരായ ഖത്തറിന്റെ രണ്ടാം മൽസരത്തിൽ സെനഗലിനെതിരെ ഖത്തറിന് 3-1 ന്റെ പരാജയം. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെയും പരാജയപ്പെട്ട ഖത്തറിനെ സംബന്ധിച്ച് നോക്ക് ഔട്ട് പ്രതീക്ഷ പൂർണമായും നഷ്ടപ്പെടുത്തുന്നതായി ഇന്നത്തെ തോൽവി.

സെനഗലിന്റെ ആഫ്രിക്കൻ കരുത്തിന് മുന്നിൽ പൊരുതിയിട്ടും ഖത്തറിന് പിടിച്ചു നിൽക്കാൻ ആയില്ല. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് സെനഗലായിരുന്നെങ്കിലും ഖത്തർ ഒരിക്കൽ പോലും വീഴാൻ തയ്യാറായില്ല. തങ്ങളാലാവും വിധം പ്രതിരോധിച്ച ഖത്തറിന് 78-ാം മിനിറ്റിൽ ലോകകപ്പിലെയും ഖത്തർ ലോകകപ്പിലെയും തങ്ങളുടെ ആദ്യ ഗോൾ നേടാനായി. മുഹമ്മദ് മുൻടാരിയാണ് ഖത്തറിനായി ഹെഡ്ഡറിലൂടെ ചരിത്ര ഗോൾ സ്വന്തമാക്കിയത്.

41-ാം മിനിറ്റിൽ ബൗലായെ ഡിയയും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫമാറ ഡൈഡ്ഹിയോവും ഗോൾ നേടി 2 ഗോളിന് മുന്നിൽ ഉണ്ടായിരുന്ന സെനഗലിന് ഭീഷണി അല്ലെങ്കിലും വെല്ലുവിളി ഉയർത്താൻ ഖത്തറിനായി. 84-ാം മിനിറ്റിൽ ബാംബ ഡിയെ വഴി 3-1 ന് ആഫ്രിക്കൻ ചാമ്പ്യൻമാർ മുന്നിലെത്തിയിട്ടും തോൽക്കാൻ തയ്യാറാകാത്ത ഖത്തറിനെയാണ് കണ്ടത്.

തോൽവിയിലും തല കുനിക്കാതെയാണ് ഖത്തർ മടങ്ങുന്നത്. കളിയിൽ സര്വാധിപത്യം പുലർത്തിയ ആഫ്രിക്കൻ ചാമ്പ്യൻമാരോട് പരമാവധി പൊരുതി തന്നെയാണ് ഏഷ്യൻ പ്രതിരോധം തെളിയിച്ചതെന്നതിൽ ഖത്തറിന് അഭിമാനിക്കാം.

Exit mobile version