മാഹി കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ ഖത്തർ പ്രവാസിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മാഹി കനാലിൽ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിച്ച ശേഷം കയത്തിൽ പെട്ട് ഖത്തർ പ്രവാസിയായ യുവാവ് മുങ്ങിമരിച്ചു. വടകര അരയാക്കൂൽതാഴെ തട്ടാറത്ത് താഴെ സഹീർ (40) ആണ് മരിച്ചത്. ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.  മാഹി കനാലില്‍ ചെമ്മരത്തൂര്‍ ഭാഗത്ത് നീന്തല്‍ പഠിക്കാനിറങ്ങിയ 3 കുട്ടികളാണ് ഒഴുക്കിൽ പെട്ടത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു നീന്തൽ വിദഗ്ധൻ കൂടിയായ സഹീർ. മൂന്ന് കുട്ടികളെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ച ശേഷം മുങ്ങിത്താഴുകയായിരുന്നു. മൂന്നാമത്തെ കുട്ടിയെ രക്ഷിച്ചയുടൻ കുഴഞ്ഞുവീണതാണെന്ന് കരുതുന്നു.

കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ശേഷമെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നാല് മീറ്ററോളം ആഴമുള്ള, ചുഴിയുള്ള ഭാഗത്താണ് അപകടം നടന്നത്. ഈ പ്രദേശത്ത് ഇതിന് മുൻപും നാല് പേർ മുങ്ങി മരിച്ചിരുന്നു. അപകട സാധ്യതയുള്ള കനാലിൽ അധികൃതരുടെ മുന്നറിയിപ്പ് പോലുമില്ലെന്നു വ്യാപക പരാതിയുണ്ട്. 

മുൻപും കനാലിൽ ഒഴുക്കിൽപ്പെട്ട നിരവധി പേരെ രക്ഷിച്ച സഹീറിന്റെ ദാരുണാന്ത്യം നാട്ടുകാരെ നടുക്കത്തിലാഴ്ത്തി. ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സജീവപ്രവർത്തകൻ കൂടിയായിരുന്നു സഹീർ. സുലൈഖയാണ് ഭാര്യ. മക്കൾ: സുഹൈൽ, ലുലു, യാസീൻ.

വടകര താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Exit mobile version