ഖത്തർ അഭയാർത്ഥികളെ സ്വീകരിക്കുന്നില്ലെന്നു ട്വീറ്റ്; നിഷേധിച്ച് വിദേശകാര്യസഹമന്ത്രി, രക്ഷാദൗത്യം തുടരും

ദോഹ: ഖത്തർ അഭയാർത്ഥികളെ അനുവദിക്കുന്നില്ലെന്ന ട്വീറ്റിന് മറുപടിയുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവാ അൽ ഖട്ടർ രംഗത്തെത്തി. അമേരിക്കൻ മാധ്യമമായ സി.എൻ.എന്നിന്റെ ചീഫ് ഇന്റർനാഷണൽ കറസ്പോണ്ടന്റ് ആയ മാധ്യമപ്രവർത്തക ക്ലാരിസ വാർഡിനാണ് ഖത്തർ വിദേശകാര്യ വക്താവ് കൂടിയായ സഹമന്ത്രി വിശദീകരണം നൽകിയത്. കാബൂൾ എയർപോർട്ടിൽ നിന്ന് 10,000 ത്തോളം അഭയാർത്ഥികൾ പുറപ്പെടലിന് തയ്യാറാണെന്നും, ഇവരുമായി റൺവേയിൽ കാത്തു നിൽക്കുന്ന പട്ടാളക്കാർ, അഭയാർത്ഥികളെ സ്വീകരിക്കാൻ ഖത്തർ തയ്യാറാകാത്തതിനാൽ പോകാൻ ഇടമില്ലെന്ന് തന്നോട് പറഞ്ഞെന്നുമാണ് ക്ലാരിസ ട്വീറ്റ് ചെയ്തത്. ഇത് വളരെ മോശമാണെന്നും ആരെങ്കിലും മുന്നോട്ടു വരണമെന്നും അവർ ആവശ്യപെട്ടു. 

ഇതിന് മറുപടിയായാണ് സഹമന്ത്രി അൽ ഖട്ടർ ട്വീറ്റ് ചെയ്തത്. “എനിക്ക് ഖത്തറിന്റെ രക്ഷാദൗത്യത്തെ കുറിച്ച് മാത്രമേ പറയാൻ സാധിക്കൂ. ഖത്തർ അഫ്‌ഗാനിൽ രക്ഷാദൗത്യം നിര്വഹിക്കുകയാണ്. കൂടുതലും പെണ്കുട്ടികളെയും മാധ്യമ പ്രവർത്തകരേയുമാണ് ഞങ്ങൾ ഒഴിപ്പിക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിൽ കൂടുതലും പെണ്കുട്ടികളടങ്ങുന്ന 300 വിദ്യാർത്ഥികളെയും 200 മാധ്യമപ്രവർത്തകരെയും ഞങ്ങൾ ദോഹയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ച് കഴിഞ്ഞു. ഇവരിൽ പലരോടുമൊപ്പം അവരുടെ കുടുംബവും കുട്ടികളുമുണ്ട്. ഈ ദൗത്യം തുടരുക തന്നെ ചെയ്യും” എന്നായിരുന്നു അവരുടെ മറുപടി.

അതേസമയം, ഖത്തറിലെ അൽ ഉദൈദ് എയർബേസ് അഭയാർത്ഥികളാൽ നിറഞ്ഞത് കാരണം കാബൂളിൽ നിർത്തിവച്ച രക്ഷാദൗത്യം പുനരാരംഭിച്ചതായി പെന്റഗൺ അറിയിച്ചു. ഖത്തറിലെ ഇന്റർമീഡിയറ്റ് സ്റ്റേജിംഗ് ബേസുകളിൽ കൂടുതൽ പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ബുദ്ധിമുട്ടേറിയതുമായ എയർലിഫ്റ്റാണ് കാബൂളിൽ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അന്തിമഫലം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ദൗത്യം അപകടകരമാണെന്നും കൂട്ടിച്ചേർത്തു. അഫ്‌ഗാനിലെ സഹായസഹകരണങ്ങൾക്ക് ഖത്തർ അമീർ ഷെയ്ഖ് തമീമിന് ബൈഡൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Exit mobile version