ജോ ബൈഡനുമായി കൂടിക്കാഴ്ച, ഷെയ്ഖ് തമീം വാഷിംഗ്ടണിൽ

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഔദ്യോഗിക യുഎസ് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ വാഷിംഗ്ടണിൽ എത്തി. സന്ദർശനത്തിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഷെയ്ഖ് തമീം നാളെ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇരുവരുടെയും ആദ്യ വൈറ്റ് ഹൗസ് കൂടിക്കാഴ്ചയുമാണ് ഇത്.

റഷ്യ-യുക്രൈൻ യുദ്ധസാഹചര്യം നിലനിൽക്കെ, യൂറോപ്പിനുള്ള വർധിച്ച നാച്ചുറൽ ഗ്യാസ് ആവശ്യകത ഉൾപ്പെടെയുള്ള വിഷയങ്ങൾ ഖത്തറുമായുള്ള ചർച്ചയുടെ അജണ്ടയാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പതിവ് മിഡിലീസ്റ്റ്‌ ചർച്ചകളിൽ, ഇറാനുമായും യുഎസുമായും ഒരേ ബന്ധം നിലനിർത്തുകയും, താലിബാൻ ഭരണ കൈമാറ്റകാലത്തു യുഎസിന്റെ നയതന്ത്ര പ്രതിനിധിയായി വർത്തിക്കുകയും ചെയ്ത ഖത്തറിന്റെ നിലപാടുകൾ ശ്രദ്ധേയമാകും.

ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ എത്തിയ അമീറിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചീഫ് ഓഫ് പ്രോട്ടോക്കോൾ റൂഫസ് ഗിഫോർഡ്, 89-ാമത് അമേരിക്കൻ എയർ ട്രാൻസ്‌പോർട്ട് സപ്പോർട്ട് ഗ്രൂപ്പിന്റെ കമാൻഡർ കേണൽ കാർലോസ് അൽഫോർഡ്, അമേരിക്കയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് മിഷാൽ ബിൻ ഹമദ് അൽതാനിയും വാഷിംഗ്ടണിലെ ഖത്തർ എംബസി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും അമേരിക്കയിൽ എത്തിയിട്ടുണ്ട്.

Exit mobile version