അബുദാബി ആക്രമണം തീവ്രവാദമായി കണക്കാക്കുന്നെന്ന് ഖത്തർ

അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇന്ന് നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തർ സർക്കാർ അറിയിച്ചു. സിവിലിയൻ സ്ഥാപനങ്ങളും സുപ്രധാന സൗകര്യങ്ങളും ലക്ഷ്യമിടുന്നത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന തീവ്രവാദ പ്രവർത്തനമായി കണക്കാക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ന് നടന്ന ആക്രമണത്തിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും ഏഴോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. യമനിലെ ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നിരസിക്കുന്നതിലുള്ള ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവർത്തിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോട് ഖത്തർ ഭരണകൂടത്തിന്റെ അനുശോചനവും പരിക്കേറ്റവർക്കുള്ള പ്രാർത്ഥനയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സർക്കാരിനും ജനങ്ങൾക്കും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ആശംസകളും പ്രസ്താവന വ്യക്തമാക്കി.

Exit mobile version