ഖത്തറിൽ രണ്ടാം ഡോസ് വാക്സിന്റെ കാലാവധി കുറച്ചു; ബൂസ്റ്റർ എടുത്തില്ലെങ്കിൽ ഗോൾഡൻ ഫ്രെയിം പോകും

ഖത്തറിൽ കൊവിഡ് വാക്സീൻ രണ്ടാമത്തെ ഡോസിന്റെ വാലിഡിറ്റി 12 മാസത്തിൽ നിന്ന് 9 മാസമാക്കി കുറച്ചു. ഈ മാറ്റം 2022 ഫെബ്രുവരി 1 മുതൽ നിലവിൽ വരും. അതായത് ഈ തിയ്യതിക്ക് 9 മാസം മുമ്പ് ഫൈസർ, മോഡേണ അല്ലെങ്കിൽ ആസ്ട്രാസെനക്ക എന്നിവയുടെ രണ്ടാമത്തെ ഡോസ് എടുത്ത വ്യക്തികൾ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത പക്ഷം, തുടർന്ന് അവരെ വാക്സീൻ എടുക്കാത്തവർ ആയാണ് കണക്കാക്കുക. ഇവരുടെ എഹ്തെറാസിലെ ഗോൾഡ് ഫ്രെയിം നഷ്ടപ്പെടുകയും ചെയ്യും. ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയാണെങ്കിൽ ഗോൾഡ് ഫ്രെയിം വീണ്ടും 9 മാസത്തേക്ക് പുനഃസ്ഥാപിക്കും.  

കൂടാതെ 9 മാസത്തെ വാലിഡിറ്റിയിലേക്കുള്ള മാറ്റം വിദേശത്ത് നിന്ന് ഖത്തറിലെത്തുന്നവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾക്കും ബാധകമാകും. രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസം പിന്നിട്ട് ബൂസ്റ്റർ എടുക്കാത്തവർ ആണെങ്കിൽ ഇവരെ വാക്സീൻ എടുത്തതായി പരിഗണിക്കില്ല.

അംഗീകൃത വാക്‌സിന്റെ രണ്ടാം ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ആർജ്ജിത പ്രതിരോധശേഷി കുറയാൻ തുടങ്ങുന്നു എന്നതിന് വ്യക്തമായ മെഡിക്കൽ തെളിവുകളുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.  

ആറ് മാസത്തിലേറെ മുമ്പ് രണ്ടാമത്തെ ഡോസ് എടുത്ത വ്യക്തികൾക്ക് ഖത്തറിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നുണ്ട്. ഇന്നുവരെ 240,000-ലധികം ബൂസ്റ്റർ വാക്സിൻ ഡോസുകൾ രാജ്യത്ത് സുരക്ഷിതമായി നൽകിയിട്ടുണ്ട്. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Exit mobile version