ഖത്തറിൽ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചു

ഖത്തറില്‍ കോവിഡ് വാക്സീൻ ബൂസ്റ്റര്‍ ഡോസ് വിതരണം ഇന്ന് മുതൽ തുടങ്ങി. രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസം പിന്നിട്ട, നിശ്ചിത വിഭാഗങ്ങൾക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്ല ജുമ അല്‍ഖുബൈസി, മദീന ഖലീഫ ഹെല്‍ത്ത് സെന്ററിൽ ഇന്ന് രാവിലെ ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടക്കമിട്ട ദേശീയ കോവിഡ് വാക്സിനേഷൻ ക്യാമ്പയിനിലും ഫൈസര്‍-ബയോഎൻടെക് ആദ്യ ഡോസ് സ്വീകരിച്ചത് ഇദ്ദേഹമാണ്.

65 വയസിന് മുകളിലുള്ളവര്‍, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, തുടങ്ങിയവർക്കാണ് ബൂസ്റ്റര്‍ ഡോസിൽ നിലവിൽ മുന്‍ഗണന.

ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെട്ട് അപ്പോയിന്മെന്റ് നൽകും. യോഗ്യരായിട്ടും അധികൃതർ ബന്ധപ്പെടാത്ത പക്ഷം 4027 7077 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്മെന്റ് സ്വീകരിക്കാം.

Exit mobile version