ദോഹ: പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ 11 വയസ്സുകാരി മലയാളി വിദ്യാർത്ഥിനി ലൈബ അബ്ദുൾ ബാസിത്.
ലൈബ തന്റെ രണ്ടാമത്തെ പുസ്തകം 2021 ഓഗസ്റ്റ് 29-ന് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്. 10 വയസ്സും 164 ദിവസവുമാണ് ലൈബയുടെ പ്രായം.
12 വയസ്സും 295 ദിവസവും തികയുന്നതിന് മുമ്പ് മൂന്ന് നോവലുകൾ എഴുതിയ സൗദി അറേബ്യയുടെ റിതാജ് ഹുസൈൻ അൽഹാസ്മിയുടെ റെക്കോർഡാണ് ലൈബ അബ്ദുൾ ബാസിത് മറികടന്നത്.
കുട്ടികളുടെ ഫിക്ഷനുമായി ബന്ധപ്പെട്ട ഒരു ഫാന്റസി സ്റ്റോറിയായ “ഓർഡർ ഓഫ് ദി ഗാലക്സി” എന്ന മൂന്ന് പുസ്തക പരമ്പരയാണ് ലൈബ പ്രസിദ്ധീകരിച്ചത്. ഈ പരമ്പരയിലെ ആദ്യ പുസ്തകം “ദി വാർ ഫോർ ദി സ്റ്റോളൺ ബോയ്” എന്ന പേരിൽ ആമസോണും പിന്നീട് ലുലു ഓൺലൈനും പ്രസിദ്ധീകരിച്ചു.
രണ്ടാമത്തെ പുസ്തകം “ദി സ്നോഫ്ലേക്ക് ഓഫ് ലൈഫ്” റോം ആസ്ഥാനമായുള്ള തവാസുൽ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ചു. ഇന്ത്യ ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷൻസ് പരമ്പരയിലെ അവസാന പുസ്തകം “ദി ബുക്ക് ഓഫ് ലെജൻഡ്സ്” പുറത്തിറക്കി.
ഒന്നും രണ്ടും പുസ്തകങ്ങളുടെ രണ്ടാം പതിപ്പും ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്.
ദോഹയിലെ ഒലിവ് ഇന്റർനാഷണൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ലൈബ ചെറുപ്പം മുതലേ വായനയിലും എഴുത്തിലും താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഫിക്ഷൻ, സയൻസ്, മതം, ജീവചരിത്രങ്ങൾ എന്നിവ താൽപ്പര്യ മേഖലയായ ലൈബയുടെ പ്രിയപ്പെട്ട എഴുത്തുകാർ എനിഡ് ബ്ലൈറ്റൺ, ജെ കെ റൗളിംഗ്, ആൻ ഫ്രാങ്ക്, റോൾഡ് ഡാൽ തുടങ്ങിയവരാണ്.
ജിസിസിയിലെ സാംസ്കാരിക സാമൂഹിക പ്രവർത്തകരായിരുന്ന മുത്തച്ഛൻമാരായ കെ എം അബ്ദുർ റഹീം, മുഹമ്മദ് പാറക്കടവ് എന്നിവരിൽ നിന്നാണ് ലൈബയ്ക്ക് വായനയോടുള്ള അഭിനിവേശം ലഭിച്ചത്. പിതാവ് അബ്ദുൾ ബാസിത്ത്, മാതാവ് തസ്‌നീം മുഹമ്മദ്.