വേനൽക്കാലത്ത് പകൽ സമയങ്ങളിലെ തുറസ്സായ ജോലികൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ

വേനൽ കടുത്തതോടെ ഖത്തറിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ വൈകിട്ട് 3:30 വരെ ഔട്ട്‌ഡോർ ജോലികൾ നിരോധിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 

അനുയോജ്യമായ വെന്റിലേഷൻ സൗകര്യങ്ങളില്ലാത്ത തണലുള്ള സ്ഥലങ്ങളിലെ ജോലികൾക്കും ഇത് ബാധകമാണ്. 

ഇത് പ്രകാരം, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വർക്ക് സൈറ്റുകളുള്ള കമ്പനികളും സ്ഥാപനങ്ങളും, എല്ലാ തൊഴിലാളികൾക്കും കാണാൻ കഴിയുന്ന ദൃശ്യമായ സ്ഥലത്ത് സമയനിരോധനം അറിയിച്ചുള്ള ഒരു ഷെഡ്യൂൾ സ്ഥാപിക്കണം.

തീരുമാനത്തിലെ വ്യവസ്ഥകൾ ലംഘിക്കരുതെന്നും വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ഇത് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു,

ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിലെ തൊഴിൽ പരിശോധനാ സംഘങ്ങൾ വേനലവധിക്കാലത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്ത് ഈ മാസം പകുതി മുതൽ വാർഷിക ബോധവത്കരണ കാമ്പയിൻ നടപ്പാക്കിയത്. 

അതേസമയം തീരുമാനം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ലേബർ ഇൻസ്പെക്ഷൻ ടീമുകൾ കമ്പനികളുടെ സൈറ്റുകളിൽ ഫീൽഡ് സന്ദർശനങ്ങളും നടത്തും.

വേനൽക്കാലത്ത് എല്ലാ തൊഴിലുടമകളും ജോലി സ്ഥലങ്ങളിലെ അപകടസാധ്യതകൾ വിലയിരുത്തുകയും തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തുകയും വേണം.

വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ വർക്ക് സൈറ്റുകൾ അടച്ചുപൂട്ടുക ഉൾപ്പെടെയുള്ള എല്ലാ നിയമ നടപടികളും പരിശോധനാ സംഘങ്ങൾ കൈക്കൊള്ളുമെന്ന് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സായിദ് സുഹൈൽ അൽ മസ്റൂയി മുന്നറിയിപ്പ് നൽകി.

Exit mobile version