ഓപ്പൺഎഐ അംബാസഡറും AI, മെറ്റാവേർസ് എന്നിവയിൽ വിദഗ്ധനുമായ അബ്രാൻ മാൽഡൊനാഡോ, ഖത്തറിലെ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ AI-യുടെ ഭാവിയെക്കുറിച്ചും മീഡിയ ഇൻഡസ്ട്രിയിൽ അതിൻ്റെ സ്വാധീനത്തെക്കുറിച്ചുമുള്ള തൻ്റെ ചിന്തകൾ പങ്കുവെച്ചു. മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും പരീക്ഷണം നടത്തുകയും വേണം. ഈ മാറ്റങ്ങളെ ചെറുക്കുകയാണെങ്കിൽ നമ്മൾ പിന്നാക്കം പോകും. AI എന്നത് മാസ്റ്റർ ചെയ്യേണ്ട മറ്റൊരു വൈദഗ്ധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തറിൻ്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച മാൽഡൊണാഡോ പറഞ്ഞു, “സ്‌മാർട്ട് സിറ്റികളിലും നൂതനാശയങ്ങളിലും ഖത്തറിനുള്ള പ്രശസ്‌തിയെക്കുറിച്ച് എനിക്കറിയാം. അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ ഖത്തർ മുന്നിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവിടം സന്ദർശിച്ച ശേഷം, അത് ശരിയാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. യുഎസ്എയിലെ നഗരങ്ങളെ അപേക്ഷിച്ച് ഖത്തർ പല കാര്യങ്ങളിലും മുന്നിലാണ്. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ ഖത്തറിനേക്കാൾ പിന്നിലുള്ള ഏഴ് അമേരിക്കൻ നഗരങ്ങളെ എനിക്ക് എളുപ്പത്തിൽ പേരെടുത്ത് പറയാൻ കഴിയും.
പുതിയ കാര്യങ്ങളോടുള്ള ഖത്തറിൻ്റെ തുറന്ന മനസ്സിനെ അദ്ദേഹം കൂടുതൽ പ്രശംസിച്ചു: “ഖത്തർ, പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഭയപ്പെടുന്നില്ല. നിങ്ങൾ അവയെ സ്വീകരിക്കുന്നു, അതിൽ പ്രവർത്തിക്കുന്നു. ഈ മേഖലയിൽ ഖത്തർ മുന്നിൽ നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
വിദ്യാഭ്യാസത്തിൽ AI-യുടെ പങ്കിനെക്കുറിച്ച്, മാൽഡൊനാഡോ വിശദീകരിച്ചു, “എഐക്ക് പഠനം എങ്ങിനെ വ്യക്തിഗതമാക്കാൻ കഴിയും എന്നതിനെക്കുറിച്ച് ഞാൻ പലപ്പോഴും അധ്യാപകരോട് സംസാരിക്കാറുണ്ട്. ഭാവിയിൽ, നിലവിലുള്ള പാഠ്യപദ്ധതിക്ക് പകരം ഓരോ വിദ്യാർത്ഥിക്കും അവരുടേതായ ഇഷ്‌ടാനുസൃത പാഠ്യപദ്ധതി ഉണ്ടായിരിക്കും. വ്യക്തിഗത പഠന പദ്ധതികൾ വേഗത്തിൽ സൃഷ്ടിച്ചുകൊണ്ട് AI ഇത് സാധ്യമാക്കുന്നു. ഇത് വിദ്യാഭ്യാസത്തെ കൂടുതൽ പ്രാപ്യമാക്കുകയും എല്ലാവർക്കും അനുയോജ്യമാക്കുകയും ചെയ്യും.
അദ്ദേഹം കൂട്ടിച്ചേർത്തു, “ജനറേഷൻ Z അവർ എന്ത് കാണണം അല്ലെങ്കിൽ പഠിക്കണം എന്ന് ഞങ്ങൾ തീരുമാനിക്കാൻ കാത്തിരിക്കുന്നവരല്ല. അവർ ഉള്ളടക്കം സൃഷ്ടിക്കുകയും അവർക്കാവശ്യമുള്ളത് സ്വയം തിരഞ്ഞെടുക്കുകയും ചെയ്യും. അവരുടെ സ്വന്തം സ്‌റ്റോറികൾ സൃഷ്‌ടിക്കാനും വിഷയങ്ങൾ തിരഞ്ഞെടുക്കാനും വ്യക്തിപരമാക്കിയ അൽഗോരിതങ്ങൾ സൃഷ്‌ടിക്കാനും അനുവദിക്കുന്ന ടൂളുകൾ ഞങ്ങൾ നിർമ്മിക്കേണ്ടതുണ്ട്.”
മുന്നോട്ട് നോക്കുമ്പോൾ, 2040 ആകുമ്പോഴേക്കും പല ജോലികളും പൂർണ്ണമായും മാറുമെന്ന് മാൽഡൊണാഡോ പ്രവചിച്ചു. “ഏറ്റവും ഡിമാൻഡുള്ള ജോലികൾ AI എഞ്ചിനീയർമാരും AI കൺസൾട്ടൻ്റുമാരുമാണ്. ഇവ ഭാവിയിൽ നിർണായകമാകും,” അദ്ദേഹം പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx