18 മാസത്തിനിടെ ആദ്യമായി ഖത്തർ എയർവേയ്‌സ് എയർബസ് എ380 ആകാശത്ത് പറന്നു. ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് (ഡിഐഎ) നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കായിരുന്നു (എച്ച്ഐഎ) എയർബസിന്റെ ഇടവേളയ്ക്ക് ശേഷമുള്ള സഞ്ചാരം.
വരും ആഴ്‌ചകളിൽ ഡിസംബർ 15 മുതൽ, ലണ്ടൻ ഹീത്രൂ (LHR), പാരീസ് (CDG) എന്നിവയുൾപ്പെടെയുള്ള പ്രധാന ശൈത്യകാല റൂട്ടുകളിലെ ഫ്ലീറ്റ് ആവശ്യകതയ്ക്ക് വേണ്ടി എയർലൈനിന്റെ പത്ത് A380 വിമാനങ്ങളിൽ അഞ്ചെണ്ണമെങ്കിലും താത്കാലികാടിസ്ഥാനത്തിൽ സർവീസിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികത്തകരാർ മൂലം എയർബസ് എ350 വിമാനത്തിന്റെ 19 എണ്ണം അടുത്തിടെ നിലത്തിറക്കിയതിന്റെ ഫലമായി ഖത്തർ എയർവേയ്‌സ് നിലവിൽ കപ്പാസിറ്റിയിൽ വലിയ അളവിൽ ദൗർലഭ്യം നേരിടുന്നുണ്ട്.
യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും വരാനിരിക്കുന്ന വിന്റർ അവധിക്കാലവും കാരണം ശേഷി ആവശ്യകതകളിലെ തുടർച്ചയായ വർദ്ധന കണക്കിലെടുത്ത് എയർലൈൻ നിരവധി A330 ഫ്ലീറ്റുകൾ വീണ്ടും അവതരിപ്പിക്കുന്നുമുണ്ട്.
എ 380 ഫ്ലീറ്റുകളിൽ ചിലതും താൽക്കാലികമായി ശൈത്യകാലത്തെ പ്രധാന റൂട്ടുകളിൽ തിരികെ കൊണ്ടുവരികയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ്, അക്ബർ അൽ ബേക്കർ സ്ഥിരീകരിച്ചിട്ടുണ്ട്.
“ഈ പ്രയാസകരമായ തീരുമാനം A350 സാങ്കേതിക പ്രശ്‌നത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു, ഞങ്ങളുടെ വാണിജ്യ ആവശ്യങ്ങൾ സന്തുലിതമാക്കുന്നതിൽ ഞങ്ങളെ സഹായിക്കുന്നതിനുള്ള ഒരു ഹ്രസ്വകാല നടപടിയാണ് ഇത്,” അൽ ബേക്കർ പറഞ്ഞു. COVID-19 പാൻഡെമിക്കിന്റെ ആരംഭത്തിൽ കൂടുതൽ ഇന്ധനക്ഷമതയുള്ള, ഇരട്ട എഞ്ചിൻ വിമാനങ്ങൾക്ക് വേണ്ടി സർവീസ് നിർത്തിയ A380 ഫ്ലീറ്റിന്റെ സ്ഥിരമായ പുനരവതരണം ഇതിൽ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.