ഉറുഗ്വേയെ തകർത്ത് പറങ്കിപ്പട പ്രീ-ക്വാർട്ടറിൽ; 2 ഗോളുകൾ ബ്രൂണോ വക

തുടർച്ചയായ രണ്ടാം ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 10 ന് നടന്ന മത്സരത്തിൽ 2-0 ന് ഉറുഗ്വേയെ കെട്ടുകെട്ടിച്ചാണ് പോർച്ചുഗലിന്റെ നേട്ടം. 54–ാം മിനിറ്റിൽ മനോഹരമായൊരു ചിപ് ഷോട്ടിലൂടെയും ഇൻജറി ടൈമി‍ൽ (90+3) പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചും ഗോൾ നേടിയ ബ്രൂണോ ഫെർണാണ്ടസാണ് കളിയിലെ താരം.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നടത്തിയ മികച്ച ശ്രമങ്ങൾ പോർച്ചുഗൽ 54–ാം മിനിറ്റിൽ ഫലം കണ്ടു. ഇടതുവിങ്ങിലൂടെ തുടങ്ങിയ നീക്കത്തിനൊടുവിൽ റാഫേൽ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബ്രൂണോ അടിച്ച ഷോട്ടിനെ വലയിലെത്തിക്കാൻ ക്രിസ്റ്റ്യാനോ ഹെഡ്റിനായി ഉയർന്നു. ആദ്യം റൊണാൾഡോയുടെ പേരിൽ സ്‌കോർ ചെയ്യപ്പെട്ട ഗോൾ പിന്നീട് വാർ പരിശോധനയിൽ പന്ത് റൊണാൾഡോയുടെ തലയിൽ തൊട്ടില്ലെന്ന് തെളിഞ്ഞതിനാൽ ബ്രൂണോക്ക് തന്നെ ക്രെഡിറ്റ് നൽകി.

ഇഞ്ചുറി ടൈമിൽ മറ്റൊരു വാർ പരിശോധന പോർച്ചുഗലിന് ഗുണമായി. പെനൽറ്റി ബോക്സിനകത്ത് വച്ച് പന്ത് യുറഗ്വായ് ഡിഫൻഡർ ഹോസെ മരിയ ഹിമിനസിന്റെ കയ്യിൽത്തട്ടിയ തിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് തന്നെ ഗോളാക്കി.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഉറുഗ്വേ മികച്ച മുന്നേറ്റങ്ങളും പ്രതിരോധ ശ്രമങ്ങളും നടത്തി. പോർച്ചുഗൽ ലീഡ് നേടിയ ശേഷം അറിഞ്ഞു കളിച്ച ഉറുഗ്വെക്ക് വിവിധ അവസരങ്ങളും നഷ്ടമായി. സൂപ്പർതാരം സുവാരസിനെ ഇറക്കിയിട്ടും രക്ഷയുണ്ടായില്ല. ആദ്യ കളി സമനിലയും രണ്ടാം കളി തോൽവിയുമായ ഉറുഗ്വെക്ക് ഗ്രൂപ്പ് എച്ചിലെ നില പരുങ്ങലിലായി.

അതേസമയം, 4 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയ റൊണാൾഡോയുടെ കുട്ടികൾ പ്രീ-ക്വാർട്ടറിലുമെത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version