2019-2023 സ്ട്രാറ്റജിക് പ്ലാനിന്റെ ലക്ഷ്യങ്ങളിൽ 90 ശതമാനത്തിലധികം കൈവരിച്ചുവെന്ന് പിഎച്ച്സിസി

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അവരുടെ 2019-2023 ലെ കോർപ്പറേറ്റ് സ്ട്രാറ്റജിക് പ്ലാനിൻ്റെ വിജയം പങ്കു വെക്കുകയുണ്ടായി. “നമ്മുടെ സമൂഹത്തിന് ആരോഗ്യകരമായ ഭാവി” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു നടത്തിയ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ 90 ശതമാനത്തിലധികവും നേടിയെടുക്കാൻ കഴിയുകയുണ്ടായി.

ഖത്തറിലെ പ്രാഥമിക ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും സമൂഹത്തെ ആരോഗ്യകരമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഹെൽത്ത് കെയർ സേവനങ്ങൾ വിപുലീകരിക്കാനും ഫാമിലി മെഡിസിൻ ശക്തിപ്പെടുത്താനും പ്രിവന്റീവ് ഹെൽത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രത്യേക പരിചരണത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പിഎച്ച്സിസിയിലെ സ്ട്രാറ്റജി പ്ലാനിംഗ് ആൻഡ് ഹെൽത്ത് ഇൻ്റലിജൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് ഗൈത്ത് അൽ കുവാരി വിശദീകരിച്ചു. ചെലവേറിയ ചികിത്സകളും ആശുപത്രി വാസവും കുറയ്ക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.

ഗുണനിലവാരം മെച്ചപ്പെടുത്തൽ, ക്ലിനിക്കൽ ഓഡിറ്റുകൾ, ആരോഗ്യപരിപാലന പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ആരോഗ്യ ഡാറ്റാ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 പാൻഡെമിക്കിൻ്റെ വെല്ലുവിളികൾക്കിടയിലും, PHCC രാജ്യവ്യാപകമായി ടെസ്റ്റിംഗും വാക്‌സിനേഷൻ സേവനങ്ങളും വിജയകരമായി നൽകി.

അൽ മഷാഫ്, ഉമ്മുൽ സെനീം, സൗത്ത് അൽ വക്ര, അൽ സദ്ദ്, അൽ റുവൈസ്, അൽ ഖോർ എന്നിവിടങ്ങളിൽ ആറ് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചത് പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഈ കേന്ദ്രങ്ങൾ ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ജനങ്ങൾക്ക് നൽകുന്നതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ സന്ദർശനം വർധിപ്പിച്ചിട്ടുണ്ട്.

PHCC സ്പെഷ്യലൈസ്‌ഡ്‌ സേവനങ്ങളുടെ ഉപയോഗം 2019ലെ 53 ശതമാനത്തിൽ നിന്നും 2023ൽ 70 ശതമാനം ആയി ഉയരുകയും ദേശീയ മാനസികാരോഗ്യ പരിപാടിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ 60% മാനസികാരോഗ്യ കേസുകൾ കൈകാര്യം ചെയ്യുകയും ചെയ്‌തു.

കേന്ദ്രീകൃത ആരോഗ്യ ഇൻ്റലിജൻസ് ചട്ടക്കൂടിൻ്റെയും കേന്ദ്രീകൃത ആരോഗ്യ പോർട്ടലിൻ്റെയും വികസനത്തിന് ഡോ. അൽ കുവാരി ഊന്നൽ നൽകി. ഈ മെച്ചപ്പെടുത്തലുകൾ ആളുകൾക്ക് ആരോഗ്യ സംബന്ധമായ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുകയും കമ്മ്യൂണിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്‌തു.

Exit mobile version