ഖത്തറിന്റെ ആകാശത്ത് മനോഹരമായ കാഴ്ച്ചയൊരുക്കാൻ പെർസീഡ് ഉൽക്കാവർഷം, ഏറ്റവും ഉയർന്ന നിലയിലെത്തുന്നത് ഓഗസ്റ്റ് 12ന്

ആകാശത്തു നടക്കുന്ന ഏറ്റവും മനോഹരമായ കാഴ്‌ചകളിലൊന്നായി അറിയപ്പെടുന്ന പെർസീഡ് ഉൽക്കാവർഷം സെപ്റ്റംബർ 1 വരെ ഖത്തറിൽ ദൃശ്യമാകും, ഓഗസ്റ്റ് 12 ന് അത് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ദോഹ ആസ്ഥാനമായുള്ള ജ്യോതിശാസ്ത്രജ്ഞനും എവറസ്റ്റർ ഒബ്‌സർവേറ്ററിയുടെ സ്ഥാപകനുമായ അജിത് എവറസ്റ്റർ, ഖത്തറിലെ പെർസീഡ് ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഏറ്റവും നല്ല സമയം ഓഗസ്റ്റ് 12 ആയിരിക്കുമെന്ന് പറഞ്ഞു. അതിനോട് അടുത്ത ദിവസങ്ങളിലും ഉൽക്കാവർഷം ചെറിയ രീതിയിൽ കാണാമെന്നും എന്നാൽ ഓഗസ്റ്റ് 11നും 12നുമുള്ള രണ്ട് രാത്രികൾ മനോഹരമായ കാഴ്‌ച നൽകുമെന്നും എവറസ്റ്റർ പറഞ്ഞു.

ഏറ്റവും ഉയർന്ന നിലയിലേക്കെത്തുന്ന രാത്രികളിൽ, പെർസീഡ് ഉൽക്കാവർഷത്തിൻ്റെ വികിരണ പോയിൻ്റ് ഏകദേശം 8 മണി മുതലായിരിക്കും. ചന്ദ്രൻ അതിൻ്റെ ആദ്യ പാദത്തിലായിരിക്കുമെന്നും 40-50% പ്രകാശ നിലയുണ്ടാകുമെന്നും എവറസ്റ്റർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഓഗസ്റ്റ് 11 ന് ഏകദേശം രാത്രി 10 മണിക്കും ഓഗസ്റ്റ് 12 ന് രാത്രി 10:40 നും ഇത് അസ്‌തമിക്കും. അപ്പോൾ മുതൽ ഉൽക്കകളെ നിരീക്ഷിക്കാൻ അനുയോജ്യമായ ഇരുണ്ട ആകാശമായിരിക്കും. പ്രധാന കാഴ്‌ച സമയം ചന്ദ്രാസ്‌തമനത്തിനു ശേഷം ആരംഭിക്കുകയും പുലർച്ചെ 3:45 വരെ തുടരുകയും ചെയ്യുന്നു.

ടെലിസ്കോപ്പുകളോ ബൈനോക്കുലറുകളോ ആവശ്യമില്ലാതെ പെർസീഡ് ഉൽക്കാവർഷം നഗ്നനേത്രങ്ങൾ കൊണ്ട് ആസ്വദിക്കാമെന്ന് ഖത്തർ ആസ്ഥാനമായുള്ള അമച്വർ ജ്യോതിശാസ്ത്രജ്ഞനായ നവിൻ ആനന്ദ് വ്യക്തമാക്കി. അനുയോജ്യമായ സാഹചര്യങ്ങളിൽ, ഉൽക്കാവർഷത്തിൽ മണിക്കൂറിൽ 110 ഉൽക്കകൾ വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

ഖത്തറിലെ പ്രകാശ മലിനീകരണവും മറ്റ് ഘടകങ്ങളും കാരണം, ഉൽക്കാവർഷത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് മണിക്കൂറിൽ 60 മുതൽ 80 വരെ ഉൽക്കകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആനന്ദ് പറഞ്ഞു. ജൂലൈ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ സജീവമായ പെർസീഡ് ഉൽക്കാവർഷത്തെ ഈ വർഷത്തെ ഏറ്റവും മികച്ച ഉൽക്കാവർഷമായാണ് നാസ കണക്കാക്കുന്നത്.

ഉൽക്കാവർഷം നിരീക്ഷിക്കാൻ ഖത്തർ ആസ്ട്രോണമി ആൻഡ് സ്‌പേസ് ക്ലബും എവറസ്റ്റർ ഒബ്‌സർവേറ്ററിയും സഹകരിച്ച് അൽ ഖരാറയിൽ ഓഗസ്റ്റ് 12 ന് നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക്ക്ക് പരിപാടിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി യഥാക്രമം 55482045, 30889582 എന്നീ നമ്പറുകളിലെ വാട്ട്‌സ്ആപ്പ് വഴി അജിത് എവറസ്റ്ററുമായോ നവീൻ ആനന്ദുമായോ ബന്ധപ്പെടാം.

Exit mobile version