ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷനിൽ ഇപ്പോൾ പിസിആർ ഫലം ആവശ്യമില്ല; പകരം ചെയ്യേണ്ടത്

ദോഹ: ഖത്തറിലേക്കുള്ള യാത്രക്കാരുടെ ഇഹ്തിറാസ് പ്രീ-രജിസ്‌ട്രേഷൻ പ്രക്രിയയിൽ ഇപ്പോൾ പിസിആർ പരിശോധന ഫലം ആവശ്യമില്ല. പകരം, യാത്രക്കാർ പരിശോധനാ ഫലത്തിന്റെ യഥാർത്ഥ കോപ്പി എയർലൈനുകൾക്ക് നൽകണം. വിമാനത്തിലേക്കുള്ള പ്രവേശനാനുമതിക്ക് ഇത് നിർബന്ധമാണ്. ഖത്തർ എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹിയാണ് ഇഹ്തിറാസ്‌ പ്രീ-രജിസ്ട്രേഷന്റെ വിവിധ നേട്ടങ്ങളെ കുറിച്ച് സംസാരിക്കവെ ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനത്താവളത്തിലെ ക്വാറന്റൈനിനായുള്ള ഡിക്ലറേഷനിൽ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് സമയമെടുക്കുമെന്നതിനാൽ ഇഹ്തിറാസ് രജിസ്‌ട്രേഷനിലൂടെ അത് ഒഴിവാക്കാൻ സാധിക്കും; പ്രത്യേകിച്ച് കുട്ടികളോടൊപ്പമൊക്കെയുള്ളവർക്ക് വളരെയേറെ സഹായകമാണ്, അദ്ദേഹം ഖത്തർ റേഡിയോയോട് പറഞ്ഞു.

കൂടാതെ, 18 വയസ്സിന് മുകളിലുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ ഇത് ഖത്തർ നിവാസികളെ പ്രാപ്തരാക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൽ വിസിറ്റ് വീസകളിൽ വരുന്നവർ www.ehteraz.gov.qa എന്ന വെബ്‌സൈറ്റിൽ പ്രീ-രജിസ്‌ട്രേഷൻ സംവിധാനം വഴി രജിസ്റ്റർ ചെയ്യുകയും എത്തിച്ചേരുന്നതിന് 3 ദിവസം മുമ്പെങ്കിലും വാക്‌സിൻ സർട്ടിഫിക്കറ്റ് പോലുള്ള പ്രസക്തമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുകയും വേണം.

ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും പ്രീ-രജിസ്‌ട്രേഷൻ ഓപ്‌ഷണൽ ആണെങ്കിലും, ഖത്തറിൽ പ്രവേശിക്കുന്ന എല്ലാ വ്യക്തികളും കഴിവതും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ.

Exit mobile version