2024 സെപ്റ്റംബർ 10 മുതൽ അബു ഹമൂർ കാമ്പസിൽ പുതിയ ഷിഫ്റ്റ് ടൈമിംഗുകൾ അവതരിപ്പിക്കാനുള്ള ബിർള പബ്ലിക് സ്‌കൂളിന്റെ തീരുമാനം രക്ഷിതാക്കളുടെ പ്രതിഷേധത്തിന് കാരണമാകുന്നു. പുതിയ ഷെഡ്യൂൾ അനുസരിച്ച്, കിൻ്റർഗാർട്ടൻ ക്ലാസുകൾ രാവിലെ 6:30 മുതൽ 10:15 വരെയും, ഗ്രേഡ് V മുതൽ 12 വരെയുള്ള ക്ലാസ്സുകൾ രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെയുമാണ് പ്രവർത്തിക്കുക.
പെട്ടെന്നുള്ള ഈ മാറ്റം പല മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. തീരുമാനം പിൻവലിക്കുകയോ ബദൽ പരിഹാരം കാണുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനും ഇന്ത്യൻ എംബസിക്കും പരാതി നൽകി.
കുട്ടികളുടെ സുരക്ഷിതത്വത്തിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. ജോലിക്ക് പോകുമ്പോൾ തൻ്റെ 10 വയസ്സുകാരിയെ വീട്ടിൽ തനിച്ചാക്കി പോകുന്നതിൽ ആശങ്കയുണ്ടെന്ന് ഒരു രക്ഷിതാവ് അറിയിച്ചു. നിരവധി രക്ഷിതാക്കൾ ആശങ്കകൾ ചർച്ച ചെയ്യാൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ. നായരെ കണ്ടു.
കുട്ടികളുടെ പഠന സമയം, കളി സമയം, കുടുംബ സമയം എന്നിവയിൽ ചെലുത്തപ്പെടുന്ന സ്വാധീനങ്ങൾ ഉൾപ്പെടെ പുതിയ ഷെഡ്യൂളുമായി ബന്ധപ്പെട്ട 19 പ്രശ്‌നങ്ങൾ അവർ അവതരിപ്പിച്ചു. സ്‌കൂളിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കും ഖുറാൻ ക്ലാസുകളും ട്യൂട്ടോറിയലുകളും പോലുള്ള പാഠ്യേതര പ്രോഗ്രാമുകൾക്കും പുതിയ സമയക്രമം തടസമാണെന്ന് അവർ അഭിപ്രായപ്പെടുന്നു.
ഓഗസ്റ്റ് ആദ്യം ലഭിച്ച മന്ത്രാലയ അറിയിപ്പിനെ തുടർന്നാണ് ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൽ ഡോ.ആനന്ദ് ആർ നായർ വിശദീകരിച്ചു. രക്ഷിതാക്കളുടെ നിർദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നും പ്രിൻസിപ്പൽ പറഞ്ഞു, എന്നാൽ ഷിഫ്റ്റ് സംവിധാനം എത്രകാലം തുടരുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (എജ്യുക്കേഷൻ ആൻഡ് കൾച്ചർ) സച്ചിൻ ദിനകർ ശങ്ക്പാലുമായും മാതാപിതാക്കൾ കൂടികാഴ്ച്ച നടത്തിയെങ്കിലും തീരുമാനത്തിൽ എത്തിയില്ല. സ്‌കൂൾ അധികൃതരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് കൂടുതൽ നിർദ്ദേശങ്ങൾ ശേഖരിക്കാൻ രക്ഷിതാക്കൾ പദ്ധതിയിടുന്നു.
മറ്റൊരു രക്ഷിതാവ് പുതിയ സമയക്രമം കാരണമുണ്ടാകുന്ന കുട്ടികളിലെ അധിക സമ്മർദ്ദത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഈ മാറ്റം ഗതാഗതത്തെയും ട്യൂട്ടറിംഗ് ക്രമീകരണങ്ങളെയും ബാധിക്കുന്നു, ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. 1,500 രക്ഷിതാക്കൾ പുതിയ ഷെഡ്യൂളിൽ അതൃപ്‌തി അറിയിച്ചതായി ചൂണ്ടിക്കാട്ടി ഈ രക്ഷിതാവ് മന്ത്രാലയ ഹെൽപ്പ് ലൈനിൽ പരാതി നൽകി.
കുട്ടികളെയും രക്ഷിതാക്കളെയും പുതിയ ഷെഡ്യൂളുമായി പൊരുത്തപ്പെടുത്തുന്നതിന് പകരം കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിന് സ്‌കൂളിന് പിഴ ചുമത്തണമെന്ന് നിർദ്ദേശിച്ച് ഒരു രക്ഷിതാവ് മന്ത്രാലയത്തിന് ഇമെയിൽ അയച്ചു.
സ്‌കൂൾ മന്ത്രാലയത്തിൻ്റെ നിബന്ധനകൾ പാലിക്കണമെന്നും ഷിഫ്റ്റ് സംവിധാനം അനിവാര്യമാണെന്നും ഡോ.നായർ പറഞ്ഞു. പാൻഡെമിക്കിന് ശേഷം വിദ്യാർത്ഥികളെ ഫിസിക്കൽ ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് വെല്ലുവിളിയാണെന്നും ഓൺലൈൻ ക്ലാസുകൾ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം പരാമർശിച്ചു.