ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്ന് ഖത്തറിൽ തുറന്നു. ബിസിനസ്-വ്യവസായ മേഖലയിലെ ജീവനക്കാർക്കായി വാക്സീൻ ബുക്ക് ചെയ്യാൻ അവസരം.

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്ന് ഖത്തറിൽ തുറന്നു. പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും ഖത്തർ ചാരിറ്റിയും ആഭ്യന്തര മന്ത്രാലയവും കൊണാക്കോ ഫിലിപ്‌സ് ഖത്തറും സംയുക്തമായാണ് ബിസിനസ്-വ്യവസായ സെക്ടറിന് വേണ്ടി പ്രത്യേകമായുള്ള കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. 

ഖത്തർ വാക്സിനേഷൻ പ്രോഗ്രാം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച വിവിധ പുതിയ കേന്ദ്രങ്ങളിലൊന്നാണ് അത്യന്താധുനിക സൗകര്യങ്ങളുള്ള പ്രസ്തുത കേന്ദ്രം. ഇവിടെ ചൊവ്വാഴ്ച്ച ആരോഗ്യമന്ത്രി ഹനാൻ മുഹമ്മദ് അൽ കുവൈരി സന്ദർശിച്ചു വിലയിരുത്തി. 300,000 ചതുരശ്ര മീറ്ററിലധികം വരുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം ആയേക്കാമെന്ന് സൂചിപ്പിച്ച അൽ കുവൈരി ഖത്തറിലെ മുഴുവൻ തൊഴിലാളികൾക്കും അതിവേഗം വാക്സീൻ നൽകാൻ രാജ്യം പ്രതിജ്ഞാബന്ധരാണെന്നും പറഞ്ഞു. 300 ലധികം വാക്സിനേഷൻ സ്റ്റേഷനുകളും 700 സ്റ്റാഫുകളും ഒരു ദിവസം 25000 ഡോസുകൾ നൽകാനുള്ള ശേഷിയും പുതിയ സെന്ററിനുണ്ട്. 

ഇന്ന് വരെ ഖത്തർ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി 300,000-ലധികം ബിസിനസ് വ്യവസായ മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്ക് വാക്സീൻ നൽകിയിട്ടുണ്ട്. ഇവരിൽ പലരും ഇൻഡസ്ട്രിയൽ ഏരിയയിലെ സെന്ററിൽ നിന്നായിരുന്നു വാക്സീൻ സ്വീകരിച്ചത്. 

പുതിയ സെന്ററിലേക്കുള്ള ബുക്കിംഗ് സ്വീകരിക്കാൻ വാക്സിനേഷൻ ഷെഡ്യൂളിങ്ങ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങൾക്ക് അവരുടെ ജീവനക്കാരെ വാക്സിനേറ്റ് ചെയ്യിക്കാൻ QVC@hamad.qa എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിച്ചാൽ മതി.

Exit mobile version