ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ സൂഖ് വാഖിഫിൽ നടന്നിരുന്ന ഒമ്പതാമത് ലോക്കൽ ഫ്രഷ് ഡെറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു. ഫെസ്റ്റിവലിൽ 240 ടണ്ണിലധികം ഫ്രഷ് ഈന്തപ്പഴങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണ്. 12 ദിവസത്തെ പരിപാടിയിൽ വിനോദസഞ്ചാരികളടക്കം 50,000 സന്ദർശകർ എത്തിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
സൂഖ് വാഖിഫ് മാനേജ്‌മെൻ്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 240,172 കിലോഗ്രാം ഫ്രഷ് ഈത്തപ്പഴമാണ് ഫെസ്റ്റിവലിൽ വിറ്റഴിച്ചത്. ഖ്ലാസ് ഈന്തപ്പഴം 105,333 കിലോഗ്രാം വിൽപന നടന്നപ്പോൾ ഖുനൈസി 45,637 കിലോഗ്രാമും ഷിഷി, ബർഹി എന്നീ ഈന്തപ്പഴ ഇനങ്ങൾ യഥാക്രമം 42,752 കിലോഗ്രാമും 27,260 കിലോഗ്രാമും വിറ്റഴിഞ്ഞിട്ടുണ്ട്. മറ്റ് ഇനങ്ങളുടെ വിൽപ്പന 19,190 കിലോഗ്രാമാണ്.
ഫാം ഉടമകൾക്കും ഈന്തപ്പന കൃഷിയിൽ താൽപ്പര്യമുള്ളവർക്കും സഹായമാകാനും അനുഭവങ്ങൾ കൈമാറാനും ലക്ഷ്യമിട്ടാണ് ഈത്തപ്പഴ വിളവെടുപ്പ് കാലത്തോട് അനുബന്ധിച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്നും ഈ വർഷം പ്രദർശനത്തിൽ പങ്കെടുത്ത ഫാമുകളുടെ എണ്ണം 110 ആയി വർധിച്ചുവെന്നും കാർഷികകാര്യ വകുപ്പ് ഡയറക്റ്റർ അൽ ഖുലൈഫി പറഞ്ഞു.
ഖ്ലാസ്, ഷിഷി, ഖുനൈസി, ബർഹി, ഇറാഖി, സുക്കാരി, സഗ്‌ലൗൽ, സുൽത്താന, അൽ ഘർ, നബത്ത് സെയ്ഫ്, ലുലു, റാസിസി, ഷിഹാബ് തുടങ്ങിയ ഇനങ്ങളാണ് ഫ്രഷ് ഡെറ്റ്സ് ഫെസ്റ്റിവലിൽ പ്രധാനമായും അവതരിപ്പിച്ചത്. നാടൻ പഴങ്ങളുമായി മൂന്ന് ഫാമുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. ഇവർ 510 കിലോ ഫിഗ്ഗും 395 കിലോ ബദാമും വിറ്റഴിച്ചിട്ടുണ്ട്.
ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഈന്തപ്പന തൈകൾ വിൽക്കുന്നതിനുള്ള പ്രത്യേക വിഭാഗവും കാർഷിക ഗവേഷണ വകുപ്പിൻ്റെ കീഴിലുള്ള പ്ലാൻ്റ് ടിഷ്യു കൾച്ചർ ലബോറട്ടറിയുടെ പ്രത്യേക പങ്കാളിത്തവും ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നുവെന്നും അൽ ഖുലൈഫി പറഞ്ഞു. ഈന്തപ്പഴം ഉൾപ്പെടെയുള്ളവയുടെ പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനാണ് ഖത്തർ ഈ ഫെസ്റ്റിവൽ നടത്തുന്നത്.