ഖത്തറിൽ കൊവിഡ് ബാധിതർക്കുള്ള ഐസൊലേഷനും സിക്ക് ലീവും കുറച്ചു

ഖത്തറിൽ കോവിഡ് ബാധിതർക്കുള്ള നിർബന്ധിത ഐസൊലേഷനും സിക്ക് ലീവും 10 ദിവസത്തിൽ നിന്ന് 7 ദിവസമായി പൊതുജനാരോഗ്യ മന്ത്രാലയം കുറച്ചു. പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുന്ന വ്യക്തികൾക്ക് എഹ്‌തെറാസ് റെഡ് സ്റ്റാറ്റസിലേക്ക് മാറുന്നതിനൊപ്പം, 7 ദിവസത്തെ സിക്ക്-ലീവ് ആണ് ലഭിക്കുക.  

ഈ വ്യക്തികൾ 7-ാം ദിവസം അംഗീകൃത മെഡിക്കൽ സ്ഥാപനത്തിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. ഈ പരിശോധനയുടെ ഫലം നെഗറ്റീവ് ആണെങ്കിൽ, വ്യക്തിയുടെ എഹ്തെറാസ് സ്റ്റാറ്റസ് പച്ചയായി മാറും. ഇവർ ഐസൊലേഷൻ ഉപേക്ഷിച്ച് എട്ടാം ദിവസം ജോലിയിലേക്ക് മടങ്ങുകയും ചെയ്യണം.

മറിച്ച് ഏഴാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് തന്നെയാണെങ്കിൽ, രോഗി 3 ദിവസം കൂടി ഐസൊലേഷനിൽ കഴിയണം. കൂടാതെ 3 ദിവസം അധിക സിക്ക്-ലീവ് നൽകുകയും ചെയ്യും. 11-ാം ദിവസം മറ്റൊരു പരിശോധന ആവശ്യമില്ലാതെ തന്നെ ഇവർക്ക് ഐസൊലേഷൻ അവസാനിപ്പിക്കാം.

7-ാം ദിവസം മിക്ക രോഗികളും നെഗറ്റീവ് ആവുകയും വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമെന്നും കാണിക്കുന്ന ഏറ്റവും പുതിയ ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐസൊലേഷൻ കാലയളവ് കുറയ്ക്കാനുള്ള തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

ആളുകൾ അവരുടെ ഐസൊലേഷൻ കാലയളവ് അവസാനിപ്പിക്കുമ്പോഴും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മറ്റു മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ആവർത്തിച്ചു.  

Exit mobile version