ഹയ്യ കാർഡിൽ ഖത്തറിലെത്തിയ മലയാളി കാറിടിച്ച് മരണപ്പെട്ടു

കഴിഞ്ഞ മാസം ഹയ്യ കാർഡിൽ ഖത്തറിലെത്തിയ മലയാളി കാറിടിച്ച് മരണപ്പെട്ടു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജി (76) ആണ് ദോഹയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. എഡ്യൂക്കേൻ സിറ്റി മെട്രോയിൽ വന്നിറങ്ങി ഖത്തർ നാഷണൽ ലൈബ്രറിയിലേക്ക് നടന്നുപോകവേ ലൈബ്രറി പാർക്കിംഗിൽ നിന്നും അമിത വേഗതയിൽ വന്ന ലെക്സസ് കാർ ഇടിച്ചാണ് അപകടമുണ്ടായത്.

കൂടെയുണ്ടായിരുന്ന ഭാര്യ സാറയെ പരിക്കുകളോടെ ഹമദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ സബിതയും പേരമകൾ ദിയയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏപ്രിൽ 11 നാണ് ഇസ് ഹാഖ് ഹാജിയും കുടുംബവും ഹയ്യ കാർഡിൽ ഖത്തറിലെത്തിയത്.

കരുവാരക്കുണ്ട് ദാറുന്നജാത് സെക്രട്ടറിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമാണ് ഇസ്ഹാഖ് ഹാജി. അൻവർ ( ജിദ്ധ), ജലീൽ ( ഓസ്ട്രേലിയ), ഷറഫുന്നീയ എന്നിവർ മക്കളാണ്. ഹുസൈൻ പാണ്ടിക്കാട്, ഫസീല, ഡാലിയ, സക്കീർ ഹുസൈൻ എന്നിവർ മരുമക്കൾ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ് സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version