കൊതുകകളുടെ പ്രജനനം തടയാൻ സഹായിക്കുന്ന മാർഗനിർദ്ദേശങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

ഖത്തറിൽ തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതോടെ, സീസണൽ ഇൻഫ്ലുവൻസ കൂടാതെയുള്ള പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്ന് കൊതുകുകളുടെ പ്രജനനവും അതിന്റെ ഫലമായുണ്ടാകുന്ന നിരവധി രോഗങ്ങളുടെ വ്യാപനവുമാണ്.

ഈ അവസരത്തിൽ പാർപ്പിടങ്ങളിലും പൊതുസ്ഥലങ്ങളിലും കൊതുകുകൾ പ്രജനനം നടത്തി പെരുകുന്നത് തടയാൻ സഹായിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ നൽകി.

ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. കിണർ നന്നായി നന്നായി അടക്കുക, ബാരലുകളിലും, ഒഴിഞ്ഞ പാത്രങ്ങളിലും, ടയറുകളിലും ജലം നിറഞ്ഞു കിടക്കുന്നത് ഒഴിവാക്കുക. ജലം അടിഞ്ഞുകൂടി നിൽക്കുന്നുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറായ 184-ൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി,

പക്ഷിക്കും മൃഗങ്ങൾക്കും തീറ്റ കൊടുക്കുന്ന പാത്രങ്ങൾ കഴിയുന്നത്ര തവണ വൃത്തിയാക്കി ഭക്ഷണം നൽകാനും ഫൗണ്ടൈനുകളിലും സ്വിമിങ് പൂളുകളിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനും അവർ ഉപദേശിച്ചു.

കൊതുക് പെരുകുന്നത് തടയാൻ ടാപ്പുകളിൽ നിന്നോ എയർ കണ്ടീഷണറുകളിൽ നിന്നോ അലങ്കാര ചെടികളിൽ നിന്നോ ഉള്ള വെള്ളം ചോർന്നു പോകുന്നത് പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഖത്തറിൽ മഞ്ഞുകാലത്തിൻ്റെ തുടക്കത്തിൽ പതിവുള്ള ഇടിമിന്നലും മഴയും കൊതുകുകളുടെ പ്രജനനം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൊതുക് പരത്തുന്ന രോഗങ്ങളിൽ നിന്ന് നമ്മളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ സമൂഹം ഈ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

Exit mobile version