മെസ്സി ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലേക്ക്, അറിയിച്ച് അമീറിന്റെ സഹോദരൻ

ബാഴ്സലോണ വിട്ട ഇതിഹാസതാരം ലയണൽ മെസ്സി ഖത്തർ ഉടമസ്ഥതയിലുള്ള, പാരീസിലെ പാരിസ്-സെയിന്റ് ജർമ്മൻ (പിഎസ്ജി) എഫ്സിയിലേക്ക് ചേർന്നതായി സ്ഥിരീകരണം. ഔദ്യോഗിക ചർച്ചകൾ പൂർത്തിയായതായി ഖത്തർ അമീറിന്റെ സഹോദരനായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി ട്വിറ്ററിൽ രേഖപ്പെടുത്തി. ഖത്തർ സർക്കാരിന്റെ പരമാധികാര ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ സ്പോർട്ട് അതോറിറ്റിക്കാണ് പിഎസ്ജി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം.

ലയണൽ മെസിയുമായുള്ള കരാർ ചർച്ചകൾ ഔദ്യോഗികമായി പൂർത്തിയായായതായും ട്രാൻസ്ഫർ പിന്നീട് പ്രഖ്യാപിക്കുമെന്നും കുറിച്ച അൽ ഥാനി പിഎസ്ജി ജേഴ്സിയിൽ താരം നിൽക്കുന്ന ചിത്രവും പങ്കുവെച്ചു. കൂടാതെ റയൽ മാഡ്രിഡിൽ നിന്നും പിഎസ്ജിലെത്തിയ സെർജിയോ റാമോസും മെസിയും ഒരുമിച്ചു നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പാരീസ് സെന്റ് ജർമ്മനുമായുള്ള മെസിയുടെ കരാർ 3 വർഷത്തേക്കാണ് എന്നാണ് വിവരം. അമീറിന്റെ സഹോദരന്റെ പ്രഖ്യാപനത്തിന് വൻ സ്വീകരണമാണ് ഫുട്‌ബോൾ ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.

Exit mobile version