ഫുട്ബോൾ ലഹരിയിലുള്ള ഖത്തറിൽ ലയണൽ മെസ്സിയെത്തി; ഒരു മിന്നായം പോലെ

അറിയിപ്പുകളോ ആരവങ്ങളോ ഇല്ലാതെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്നലെ ഖത്തറിലെത്തി. പ്രധാനമാധ്യമങ്ങൾക്ക് പോലും താരം ദോഹയിലിറങ്ങിയത് പിടികിട്ടിയില്ല. ദുബായ് എക്‌സ്‌പോയിൽ പങ്കെടുത്ത മെസ്സി ഖത്തറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അൽ മാജിദിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇന്നലെ ഉച്ച 1 മണിയോടെ ദോഹയിലെത്തിയത്. 

ജീവനക്കാരെ പോലും അറിയിക്കാതെയായിരുന്നു അൽ സദ്ദിലെ ആഡംബര വാച്ച് ഷോറൂമിലേക്ക് താരത്തെ കമ്പനി അധികൃതർ ആനയിച്ചത്. ഉച്ച ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങാനിരിക്കെ “ആരും പോകരുത് ഒരു വിശിഷ്ടാതിഥിയുണ്ട്” എന്ന മുന്നറിയിപ്പിന് ശേഷമെത്തിയ അതിഥി ഷോറൂമിൽ കൂടിയവർക്കെല്ലാം സ്വപ്നത്തിനും മുകളിലായിരുന്നു.

കോടികൾ വിലമതിക്കുന്ന വാച്ചുകൾ കണ്ടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ഒപ്പം ഫോട്ടോയെടുക്കാൻ അനുവദിച്ചും മലയാളികൾ അടക്കമുള്ള ജീവനക്കാരോട് ഒന്നര മണിക്കൂറോളം സമയം ചെലവഴിച്ചാണ് ഇതിഹാസ താരം മടങ്ങിയത്. 

ശേഷം പ്രചരിച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ സന്ദർശനം ലോകമറിയുന്നത്. ഇന്ന് നടക്കുന്ന അറബ് കപ്പ് സെമിഫൈനലുകളിൽ മെസ്സി പങ്കെടുക്കുമോ പോലെയുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ വന്നത് പോലെ മാധ്യമങ്ങൾക്ക് പോലും പിടിതരാതെ സ്വകാര്യമായിരുന്നു താരത്തിന്റെ മടക്കവും.

ഖത്തർ ഉടമസ്ഥതയിലുള്ള ക്ലബ്ബായ പിഎസ്‌ജിയിൽ സൈൻ ചെയ്ത ശേഷം ജനുവരിയിലെ വിന്റർ പരിശീലനത്തിന് രാജ്യത്തു എത്താനിരിക്കെയാണ് ലയണൽ മെസ്സിയുടെ ഈ അനൗദ്യോഗിക സന്ദർശനം.

Exit mobile version