നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത രീതിയിലുള്ള വലകൾ ഉപയോഗിച്ച് ഖത്തർ കടലിലെ പവിഴപ്പുറ്റുകളെ നശിപ്പിക്കുന്ന തരത്തിൽ മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളിയെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഇസിസി) പിടികൂടി. സമുദ്ര പരിസ്ഥിതിയെ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
മറൈൻ ഫിഷിംഗ് നിയമം അനുസരിച്ച് മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻ്റ് തൊഴിലാളിയുടെ പക്കൽ നിന്നും വലകൾ പിടിച്ചെടുത്തു, മത്സ്യത്തൊഴിലാളിക്ക് പിഴ ചുമത്തിയതിനു ശേഷം എൻവിറോൺമെന്റൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്‌തു. നേരത്തെ ന്യൂ അൽ വക്ര പോർട്ടിലും മറൈൻ ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് വിശദമായ പരിശോധന നടത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ജൈവവൈവിധ്യവും പവിഴപ്പുറ്റുകളും സംരക്ഷിച്ച് സുരക്ഷിതമായ മത്സ്യബന്ധന രീതികൾ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പു വരുത്താനായിരുന്നു പരിശോധന.
സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന ഈ കാമ്പയിനിൽ മത്സ്യത്തൊഴിലാളികളെയും കടലിലൂടെ യാത്ര ചെയ്യുന്നവരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇതുപോലെയുള്ള പ്രശ്‌നങ്ങളുടെ കാരണം തന്നെ ഇല്ലാതാക്കാൻ മറ്റ് അധികാരികളുമായി ചേർന്ന് ലംഘനങ്ങൾ പരിഹരിക്കുകയും തടയുകയും ചെയ്യുക എന്നതാണ് ക്യാമ്പയ്‌നിന്റെ പ്രധാനപ്പെട്ട ലക്ഷ്യം.
ബോട്ടുകളിലെ മത്സ്യബന്ധന വലകൾ പരിശോധിക്കുന്നതും അനധികൃത വലകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നതും ക്യാമ്പയിനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് എടുത്തുപറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ചില വലകൾ വലിപ്പം കണക്കിലെടുക്കാതെ എല്ലാ മത്സ്യങ്ങളെയും പിടിക്കാൻ കഴിയുന്നതാണ്, ഇത് മത്സ്യങ്ങളുടെ പുനരുൽപാദനത്തെ ദോഷകരമായി ബാധിക്കുകയും സമുദ്ര ജൈവവൈവിധ്യം കുറയ്ക്കുകയും ചെയ്യുന്നു.