ദോഹ: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള അന്തിമഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഔട്ട്ഡോർ മേഖലകളിലുള്ള മാസ്‌ക് ഉപയോഗം നിര്ബന്ധമല്ലാതാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഖത്തറിൽ പുറം സ്ഥലങ്ങളിൽ ഇനി മാസ്‌ക് ധാരണം നിർബന്ധമായിരിക്കില്ല.
അതേസമയം അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധിതമായി തന്നെ തുടരും. പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, മറ്റു അടഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസ്‌കിന്റെ ഉപയോഗം പഴയ പോലെ തന്നെ. സംഘടിതമായി ജനം കൂടുന്ന മാർക്കറ്റുകൾ, പ്രദർശനസ്ഥലങ്ങൾ മുതലായവ പുറംസ്‌ഥലമായാലും മാസ്‌കിൽ ഇളവില്ല. വിവിധ സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി നിരന്തരം ഇടപഴകേണ്ടി വരുന്ന ജീവനക്കാരായ ആളുകൾ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം.