ഏതാനും ആഴ്‌ചകൾക്കുള്ളിൽ 2024-25 അധ്യയന വർഷത്തിനായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി മിക്ക മാളുകളും ഷോപ്പിംഗ് സെൻ്ററുകളും സ്റ്റേഷനറി കടകളും ബാക്ക്-ടു-സ്‌കൂൾ പ്രമോഷനുകൾ ആരംഭിച്ചു.
സ്‌കൂൾ ബാഗുകൾ, നോട്ട്ബുക്കുകൾ, പെൻസിലുകൾ, ഇറേസറുകൾ, ഷാർപ്പനറുകൾ തുടങ്ങിയ സ്റ്റേഷനറി സാധനങ്ങൾ വിൽക്കാൻ വേണ്ടി ബാക്ക്-ടു-സ്‌കൂൾ പ്രമോഷനുകൾ നടത്തുന്ന സ്റ്റേഷനറി കടകളും ഹൈപ്പർമാർക്കറ്റുകളും കുടുംബങ്ങൾ സന്ദർശിക്കാനും തുടങ്ങിയിട്ടുണ്ട്.
ബാക്ക്-ടു-സ്‌കൂൾ ഓഫറുകളെ കുറിച്ച് സംസാരിച്ച രക്ഷിതാക്കൾ പറയുന്നതനുസരിച്ച്, ഷോപ്പിംഗ് സെൻ്ററുകളും മാളുകളും ബാക്ക് ടു സ്‌കൂൾ പ്രമോഷനിലൂടെ നിരവധി സാധനങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വില കൂടുതലാണെന്ന് അവരിൽ ചിലർ പറയുന്നു.
ബാഗുകൾ, സ്റ്റേഷനറികൾ എന്നിവ നല്ല ഗുണനിലവാരമുള്ളവയാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അവയുടെ വിലയിൽ ഗണ്യമായ വർദ്ധനവുണ്ടെന്നാണ് ഒരു രക്ഷിതാവ് പറഞ്ഞത്. സാധനങ്ങളുടെ വില വർധിക്കുന്നത് രക്ഷിതാക്കൾക്ക്, പ്രത്യേകിച്ച് കൂടുതൽ കുട്ടികളുള്ളവർക്ക് അധിക ബാധ്യത വരുത്തിവെക്കുന്നുണ്ടെന്നാണ് അവരുടെ അഭിപ്രായം.
അതേസമയം ഈ വർഷം സ്‌കൂൾ സാമഗ്രികളുടെ വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ചിലർ പറയുന്നത്. സ്‌കൂൾ സാമഗ്രികൾക്ക് നല്ല ഡിമാൻഡുണ്ടെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ സ്‌കൂളുകൾ തുറക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ആവശ്യം ഉയരുമെന്നും കടയുടമകൾ പറഞ്ഞു. എല്ലാ ഗ്രേഡുകളിലെയും വിദ്യാർത്ഥികൾക്കു വേണ്ട സാധനങ്ങളുടെ പുതിയ സ്റ്റോക്ക് ഓർഡർ ചെയ്‌തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.